ഏഴാമത്തെ സ്റ്റേറ്റ് അവാർഡും മമ്മൂട്ടി കൊണ്ട് പോകുമോ ? സാധ്യതാ പട്ടികയിൽ ആസിഫും, വിജയരാഘവനും

ഇത്തവണ ആസിഫിനും സ്റ്റേറ്റ് അവാർഡിൽ മുന്‍തൂക്കമുണ്ടെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്

dot image

2024ലെ സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങള്‍ ഓഗസ്റ്റിൽ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. മികച്ച നടന്‍ ആരാകുമെന്ന കാര്യത്തിലാണ് പ്രധാനമായും ചര്‍ച്ചകള്‍ നടക്കുന്നത്. ഓരോ നടന്മാരുടെയും ഗംഭീര പ്രകടനത്തിന് സാക്ഷ്യം വഹിച്ച വര്‍ഷം ആയിരുന്നു 2024.

മമ്മൂട്ടി, ആസിഫ് അലി, വിജയരാഘവന്‍, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ടൊവിനോ എന്നിങ്ങനെ നിരവധി പേരുകളാണ് പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്. മമ്മൂട്ടിയുടെ പേര് ഇത്തവണയും സാധ്യതാപട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. ഭ്രമയുഗം സിനിമയിലൂടെ മമ്മൂട്ടിക്ക് ഇത്തവണ പുരസ്‌കാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. 2022ല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ആറാമത്ത വട്ടവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. 2023,2024 എന്നീ വര്‍ഷങ്ങളിലും മമ്മൂട്ടിയുടെ പേര് സാധ്യതാപട്ടികയിലുണ്ടായിരുന്നു. 2022ല്‍ നന്‍പകല്‍ നേരത്ത് മയക്കത്തിലും 2023ല്‍ കാതലിലൂടെയുമായിരുന്നു മമ്മൂട്ടിയുടെ പേര് ഉയര്‍ന്നുകേട്ടത്.

തലവൻ, അഡിയോസ് അമിഗോ, ലെവല്‍ ക്രോസ്, കിഷ്‌കിന്ധാ കാണ്ഡം തുടങ്ങിയ നാല് സിനിമകളിലും വ്യത്യസ്ത പെര്‍ഫോമന്‍സ് കാഴ്ചവെച്ച ആസിഫിനും ഇത്തവണ മുന്‍തൂക്കമുണ്ടെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഇതിന് മുമ്പ് രണ്ടുവട്ടം ആസിഫ് അവസാന റൗണ്ട് വരെയെത്തിയിരുന്നു. 2018ല്‍ കാറ്റ് എന്ന ചിത്രവും 2019ല്‍ കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലെ പ്രകടനവും തലനാരിഴയാണ് അവാർഡ് നേടാനാകാതെ പോയത്. ഇത്തവണ ആദ്യ സ്റ്റേറ്റ് അവാര്‍ഡ് ആസിഫ് സ്വന്തമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

കിഷ്‌കിന്ധാകാണ്ഡത്തില്‍ ആസിഫിനൊപ്പം കട്ടക്ക് പിടിച്ചുനിന്ന വിജയരാഘവനും സാധ്യത കല്പിക്കുന്നവരുണ്ട്. മലൈക്കോട്ടൈ വാലിബനായ മോഹന്‍ലാലും ആവേശത്തിലെ രംഗണ്ണനായി ഫഹദും അസാധ്യ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഒരു സിനിമയില്‍ തന്നെ അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച ടൊവിനോയും ഗംഭീര പ്രകടനം നടത്തിയിരുന്നു. ഓഗസ്റ്റ് രണ്ടാം വാരമാകും അവാര്‍ഡ് പ്രഖ്യാപനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Who will win the state award this time? Discussions are active on social media

dot image
To advertise here,contact us
dot image