
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നടൻ മാധവ് സുരേഷിനെതിരെ ഹേറ്റ് കാമ്പെയ്ന്‍ സജീവമാണ്. പറയുന്ന കാര്യങ്ങളിലെ വ്യക്തതയും ഇംഗ്ലീഷ് ഉച്ഛാരണവുമെല്ലാം മലയാളികൾക്കിടയിൽ ഏറെ ചർച്ചയായി കഴിഞ്ഞു. ഇദ്ദേഹം അഹങ്കാരിയാണ് താരപുത്രൻ എന്നതിന്റെ ജാഡയാണ് എന്ന് തുടങ്ങി നിരവധി അധിക്ഷേപ കമന്റുകളാണ് നടന്റെ ഓരോ വീഡിയോയ്ക്ക് താഴെയും വരുന്നത്. മാത്രമല്ല മാധവിന്റെ വ്യക്തി ജീവിതവും മാതാപിതാക്കളെയും വരെ മോശമായി പറഞ്ഞുകൊണ്ട് കമന്റുകൾ പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തിൽ ഇതിന് മറുപടി നൽകുകയാണ് നടൻ.
തന്റെ മനസിൽ അച്ഛൻ എന്നും രാജാവാണെന്നും വീട്ടിലിരിക്കുന്ന അമ്മയെ പറയാൻ ആരാണ് വിമർശിക്കുന്നവർക്ക് അധികാരം കൊടുത്തതെന്നും മാധവ് ചോദിക്കുന്നു. ഈ വിമർശിക്കുന്നവരെ പ്രസവിച്ചത് ഒരമ്മയാണ്. അവരെ ആലോചിച്ചിട്ട് വേണം മറ്റുള്ള സ്ത്രീകളെയും അമ്മമാരെയും പറയാൻ എന്നും താൻ ഇനിയും പ്രതികരിച്ചു കൊണ്ടിരിക്കുമെന്നും മാധവ് പറഞ്ഞു. കാൻ ചാനൽ മീഡിയയോട് ആയിരുന്നു നടന്റെ പ്രതികരണം.
'എന്റെ മനസിൽ എന്നും എന്റെ രാജാവാണ് അച്ഛൻ. ഒന്നും ആലോചിക്കാതെ അച്ഛൻ ഒന്നും ചെയ്യാറില്ല. എല്ലാവർക്കും ഉണ്ടാകുന്ന തെറ്റുകൾ അദ്ദേഹത്തിനും ഉണ്ടായിട്ടുണ്ട്. സ്വന്തം നേട്ടം മാറ്റിവച്ചിട്ടാണെങ്കിലും മറ്റൊരാൾക്ക് നല്ലത് കിട്ടുന്നെങ്കിൽ അത് പോയി ചെയ്യുന്ന ആളാണ്. അത് കണ്ടിട്ടുള്ള ആളുമാണ് ഞാൻ. ആരെയും ദ്രോഹിക്കാൻ വേണ്ടിയല്ല കഴിവതും എല്ലാവർക്കും നല്ലത് ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. സ്വന്തം പോക്കറ്റിൽ നിന്നും കാശെടുത്താണ് മറ്റുള്ളവർക്ക് വേണ്ടി പല കാര്യങ്ങളും ചെയ്യുന്നത്. അങ്ങനെ എത്രപേർ ചെയ്യുമെന്ന് എനിക്കറിയില്ല. പിള്ളേരെ അച്ഛന് ഭയങ്കര ഇഷ്ടമാണ്. എനിക്ക് എന്നും സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയെ തന്നെയാണ് ഇഷ്ടം. രാഷ്ട്രീയത്തോട് അത്ര താല്പര്യമില്ലാത്ത ആളാണ് ഞാൻ,' മാധവ് സുരേഷ് പറഞ്ഞു.
'അച്ഛൻ പറയുന്നത് ഇതെന്റെ കരിയറാണ്. ഞാൻ ചൂസ് ചെയ്തതാണ്. പ്രതികരിക്കരുതെന്നാണ്. നിങ്ങൾ മിണ്ടാതിരുന്നോളണം എന്നാണ് പറഞ്ഞിരിക്കുന്നത്. എല്ലാം കേട്ട് മിണ്ടാതിരിക്കാൻ ഞങ്ങൾ മക്കൾക്ക് പറ്റുകയും ഇല്ല. ഞാനും എന്റെ സഹോദരങ്ങളും മനുഷ്യരാണ്. മാതാപിതാക്കളെ പറ്റി ഓരോന്ന് പറയുമ്പോൾ, ഒരു പരിതി കഴിയുമ്പോൾ പ്രതികരിക്കും. അച്ഛനെ പറയുന്നത് വീണ്ടും മനസിലാക്കാം. പക്ഷേ എന്റെ വീട്ടിലിരിക്കുന്ന അമ്മയെ പറയാൻ ഇവന്മാർക്കൊക്കെ ആരാ അധികാരം കൊടുക്കത്തത്. അമ്മയെ പറയുന്നത് എപ്പോഴും ചിരിച്ച് വിട്ടെന്ന് വരില്ല. ഈ വിമർശിക്കുന്നവരെ പ്രസവിച്ചത് ഒരമ്മയാണ്. അവരെ ആലോചിച്ചിട്ട് വേണം മറ്റുള്ള സ്ത്രീകളെയും അമ്മമാരെയും പറയാൻ. ആ ബോധം പലർക്കും ഇവിടെ ഇല്ല. ഞാൻ പ്രതികരിച്ചോണ്ടേ ഇരിക്കും', എന്നായിരുന്നു മാധവിന്റെ മറുപടി.
Content Highlights: Madhav Suresh responds to criticism