
തട്ടത്തിൻ മറയത്ത് എന്ന സിനിമയിലൂടെ പ്രേക്ഷകമനം കവർന്ന നായികയാണ് ഇഷ തൽവാർ. ചിത്രത്തിൽ നടി അവതരിപ്പിച്ച ഐഷ എന്ന കഥാപാത്രം ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ മലയാളത്തിൽ അവസരങ്ങൾ കുറയുന്നതിന്റെ കാരണം തുറന്നുപറയുകയാണ് ഇഷ. അവസരം കുറയുന്നതിൽ വിഷമമുണ്ടെന്നും തന്റെ മലയാളം അത്ര നല്ലത് അല്ലാത്തതാകാം അതിന്റെ കാരണമെന്നും ഇഷ പറയുന്നു.
'തീർച്ചയായും മലയാളത്തിൽ അവസരം കുറയുന്നതിൽ വിഷമമുണ്ട്. എന്റെ മലയാളം അത്ര മെച്ചമുള്ളതല്ലെന്നറിയാം. കേട്ടാൽ മനസ്സിലാകും. പക്ഷേ, സംസാരിക്കാൻ കുറച്ചു പ്രയാസമാണ്. അതുകൊണ്ടുതന്നെ എന്നെ കാസ്റ്റ് ചെയ്യുമ്പോൾ റിസ്‌ക് എടുക്കേണ്ട എന്ന് അണിയറപ്രവർത്തകർക്ക് തോന്നുമായിരിക്കും. മലയാളത്തിൽ കൂടുതൽ സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ട്', ഇഷ തൽവാർ പറഞ്ഞു. ഒപ്പം കരിയറിൽ ആദ്യമായി ഒരു പൊലീസ് വേഷം ചെയ്യുന്നതിന്റെ സന്തോഷവും നടി പങ്കുവെച്ചു.
'ആദ്യമായി ഒരു പൊലീസ് വേഷം ചെയ്യാൻ പോകുന്ന ത്രില്ലിലാണ് ഞാനിപ്പോൾ, ഹിന്ദി സിനിമയാണ്. ഏറെക്കാലമായി മുംബൈയിൽ ജീവിക്കുന്ന ഒരു മലയാളിയാണ് ഈ ഉദ്യോഗസ്ഥ. കഥാപാത്രമാകാനുള്ള തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. രാവിലെ മുതൽ വൈകുന്നേരം വരെ അടുത്തുള്ള പൊലീസ് സ്റ്റേഷനുകളിൽ പോയിരിക്കും. അവരുടെ രീതികൾ കണ്ടു പഠിക്കണമല്ലോ. അൽപം പേടിയുണ്ട്,' ഇഷ പറയുന്നു.
തട്ടത്തിൻ മറയത്തിന് പിന്നാലെ ഐ ലവ് മി, രണം, ബാംഗ്ലൂർ ഡേയ്സ്, ടു കൺട്രീസ് തുടങ്ങി നിരവധി മലയാള സിനിമകളിൽ ഇഷ തൽവാർ വേഷമിട്ടിരുന്നു. വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ഒരു ജാതി ജാതകം എന്ന ചിത്രമാണ് അവസാനമായി ഇഷ അഭിനയിച്ച മലയാളം സിനിമ.
Content Highlights: i am getting less opportunities in malayalam says isha talwar