ആ വീഡിയോ ഷെയർ ചെയ്യാൻ നിൽക്കല്ലേ, മുട്ടൻ പണി കിട്ടും; താക്കീതുമായി ചിരഞ്ജീവി സിനിമയുടെ നിർമാതാക്കൾ

സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ കേരളത്തിൽ നടക്കുകയാണ്

dot image

ചിരഞ്ജീവിയെയും നയൻതാരയെയും പ്രധാന കഥാപാത്രങ്ങളാക്കി അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് മെഗാ 157. സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ കേരളത്തിൽ നടക്കുകയാണ്. ചിത്രീകരണത്തിന്റെ ഭാഗമായി ചിരഞ്ജീവിയും നയൻതാരയും കഴിഞ്ഞ ദിവസം കേരളത്തിൽ എത്തിയിരുന്നു. എന്നാൽ സിനിമയുടെ ഷൂട്ടിങ്ങിന്റെ ചില വിഡിയോകൾ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ താകീതുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ നിർമാതാക്കൾ.

ഒരു മലയാളി വ്ലോഗറാണ് ഇരുതാരങ്ങളും ഒരുമിച്ചുള്ള ചില രം​ഗങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. പിന്നാലെ എക്സ് അടക്കമുള്ള വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ ഈ രം​ഗങ്ങൾക്ക് വ്യാപക പ്രചരണവും ലഭിച്ചു. ചോർന്ന ദൃശ്യങ്ങൾ പങ്കുവെക്കുകയോ അപ്‌ലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന വ്യക്തികൾക്കും പ്ലാറ്റ്‌ഫോമുകൾക്കും എതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് നിർമ്മാതാക്കൾ മുന്നറിയിപ്പ് നൽകി.

സെറ്റുകളിൽ നിന്ന് അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നതിൽ നിന്നും പങ്കുവെക്കുന്നതിൽ നിന്നും എല്ലാവരും വിട്ടുനിൽക്കണമെന്ന് നിർമാതാക്കൾ അഭ്യർത്ഥിച്ചു. ഈ പ്രവൃത്തികൾ സിനിമയുടെ ക്രിയാത്മകമായ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പ്രോജക്റ്റിനായി അശ്രാന്തമായി പ്രവർത്തിക്കുന്ന മുഴുവൻ ടീമിന്റെയും പ്രയത്നത്തെ ഇത്തരം പ്രവൃത്തികൾ ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

സാഹു ഗരപതിയും സുസ്മിത കൊനിഡേല എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. സൈറാ നരസിംഹ റെഡ്ഡി, ഗോഡ്ഫാദർ എന്നീ ചിത്രങ്ങൾക്ക് ശേഷം ചിരഞ്ജീവിയും നയൻതാരയും ഒന്നിക്കുന്ന ചിത്രമാണ് മെ​ഗാ 157. ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ഹൈദരാബാദിലും രണ്ടാം ഷെഡ്യൂൾ മസൂറിയിലും പൂർത്തിയായിരുന്നു. ചിത്രത്തിന് ഭീംസ് സിസിറോലിയോ സംഗീതം നൽകുമ്പോൾ, സമീർ റെഡ്ഡിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നു. തമ്മിരാജു എഡിറ്റിംഗും എ എസ് പ്രകാശ് കലാസംവിധാനവും നിർവഹിക്കുന്നു. എസ്. കൃഷ്ണയാണ് ചിത്രത്തിൻ്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. എസ്. കൃഷ്ണയും ജി. ആദി നാരായണയും ചേർന്നാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. 2026 സംക്രാന്തിക്ക് ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി.

Content Highlights: makers of Mega 157 warns against set leaks

dot image
To advertise here,contact us
dot image