
തന്‍റെ ഓരോ സിനിമയിലൂടെയും കാഴ്ചക്കാരെ ഞെട്ടിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. ഓരോ നോളൻ സിനിമയ്ക്കും വലിയ ആരാധകരാണുള്ളത്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ഓരോ സിനിമയ്ക്കായും കാത്തിരിക്കുന്നവർ ഏറെയാണ്. 'ഓപ്പൺഹൈമർ' എന്ന ചിത്രത്തിന് ശേഷം ക്രിസ്റ്റഫർ നോളൻ ഒരുക്കുന്ന 'ദി ഒഡീസി' എന്ന സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. റിലീസിന് ഒരു വർഷം മുമ്പേ സിനിമയുടെ ടിക്കറ്റ് വില്പന ആരംഭിച്ചിരിക്കുകയാണ്. ജൂലൈ 17 മുതലാണ് ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. 2026 ജൂലൈ 26ന് ആണ് ചിത്രം റിലീസ് ചെയ്യുക.
ഇതാദ്യമായാണ് ഒരു സിനിമയുടെ ടിക്കറ്റ് റിലീസിനും ഒരു വർഷം മുമ്പേ വിൽക്കുന്നത്. 70mm സ്ക്രീനുള്ള ഐമാക്സ് തിയേറ്ററുകളിലാണ് സിനിമയുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. നിശ്ചിത ഷോ ടൈമുകളുടെ ടിക്കറ്റുകൾ മാത്രമാണ് ഇപ്പോൾ വില്പന ആരംഭിച്ചിരിക്കുന്നത്. മറ്റ് ഫോർമാറ്റുകളുടെയും പ്രദർശനങ്ങളുടെയും ടിക്കറ്റുകൾ സിനിമയുടെ റിലീസിനോട് അനുബന്ധിച്ചാകും തുടങ്ങുക. ബുക്കിങ് ആരംഭിച്ച എല്ലാ തിയേറ്ററുകളിലെയും 95 ശതമാനം സീറ്റുകളും വിറ്റഴിഞ്ഞു. മുൻകൂട്ടി ടിക്കറ്റ് എടുത്തവർ 300 , 400 ഡോളർ നിരക്കിൽ ടിക്കറ്റുകൾ മറിച്ച് വിൽക്കുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഗ്രീക്ക് മഹാകവി ഹോമറിന്‍റെ ഇതിഹാസ കാവ്യമായ ദി ഒഡീസിയെ അടിസ്ഥാനമാക്കിയാണ് നോളൻ ദി ഒഡീസി ഒരുക്കുന്നത്. യൂണിവേഴ്സൽ പിക്ചേഴ്സ് ആണ് സിനിമ നിർമിക്കുന്നത്. പൂർണ്ണമായും ഐമാക്സ് ഫിലിം ക്യാമറകൾ ഉപയോഗിച്ചാണ് ഈ സിനിമ ചിത്രീകരിച്ചത്.24 പുസ്തകങ്ങളായി തിരിച്ചിരിക്കുന്ന മഹാകാവ്യമാണ് ഒഡീസി. ട്രോജൻ യുദ്ധത്തിന് ശേഷം ഗ്രീസിന്‍റെ നിര്‍ണ്ണായക വിജയം ഉറപ്പാക്കിയ ഇത്താക്കയിലെ രാജാവായ ഒഡീസിയസിന്‍റെ അപകടകരമായ മടക്കയാത്രയാണ് ഈ ഇതിഹാസത്തില്‍ പറയുന്നത്. നോളന്റെ എപ്പിക് ആക്ഷൻ ഫാന്റസിയിൽ നടൻ മാറ്റ് ഡാമൺ, നിത്യനായകനായ ഒഡീഷ്യസായി അഭിനയിക്കും. ടോം ഹോളണ്ട്, ആനി ഹാത്ത്വേ, ജോൺ ബെർന്താൽ, സെൻഡായ, ലുപിറ്റ ന്യോങ്കോ, റോബർട്ട് പാറ്റിൻസൺ, ചാർലിസ് തെറോൺ, മിയ ഗോത്ത് എന്നിവരും ചിത്രത്തിലുണ്ട്.
Content Highlights: With one year left until release, Nolan's 'Odyssey' is a housefull