ലാലേട്ടന്റെ അടുത്ത ട്രെൻഡിങ് ഐറ്റം, സ്റ്റിക്കറുകളിൽ ആറാടും; ടീസർ അപ്‌ഡേറ്റുമായി ഹൃദയപൂർവ്വം പോസ്റ്റർ

പോസ്റ്ററിലെ മോഹന്‍ലാലിന്റെ എക്‌സ്പ്രഷനാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാകുന്നത്

dot image

വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഹൃദയപൂര്‍വ്വത്തിന്റെ ടീസര്‍ നാളെ എത്തും. ജൂലൈ 19ന് വൈകീട്ട് അഞ്ച് മണിക്ക് ടീസര്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

ടീസര്‍ അപ്‌ഡേറ്റുമായി എത്തിയ പോസ്റ്ററിലെ മോഹന്‍ലാലിന്റെ എക്‌സ്പ്രഷനാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. ഹൃദയപൂര്‍വ്വത്തിന്റെ മുന്‍ പോസ്റ്ററുകളില്‍ നിന്നും സിനിമ ഫീല്‍ ഗുഡ് മൂഡിലാണ് ഒരുങ്ങുന്നതെന്ന് വ്യക്തമായിരുന്നു. പുതിയ പോസ്റ്റര്‍ ആ സൂചന ഉറപ്പിച്ചിരിക്കുകയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

പോസ്റ്ററിലേക്ക് നോക്കുമ്പോള്‍ 'എന്തോന്നടേയ്' എന്ന് മോഹന്‍ലാല്‍ ചോദിക്കുംപോലെ തോന്നുന്നു എന്നാണ് പലരുടെയും കമന്റ്. മോഹന്‍ലാലിന്റെ ഏറെ നാളായി കാണാന്‍ കൊതിക്കുന്ന രീതിയിലുള്ള കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് മറ്റ് അഭിപ്രായങ്ങള്‍.

ഓഗസ്റ്റ് 28ന് ഓണം റിലീസായാണ് ഹൃദയപൂര്‍വ്വം തിയേറ്ററുകളിലെത്തുന്നത്.

സത്യന്‍ അന്തിക്കാട് സ്റ്റൈലില്‍ മോഹന്‍ലാലിനെ കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. 'ഹൃദയപൂര്‍വ്വം ഒരു ഫീല്‍ ഗുഡ് സിനിമയായിരിക്കും. എന്നാല്‍ സത്യേട്ടന്റെ സാധാരണ സിനിമകളില്‍ നിന്നൊക്കെ മാറിയ ഒരു കഥയാണ്. അതിനുവേണ്ടി കാത്തിരിക്കാം' എന്നാണ് സിനിമയെക്കുറിച്ച് നേരത്തെ മോഹന്‍ലാല്‍ പറഞ്ഞത്.

2015ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നു.

അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം. ഫാര്‍സ് ഫിലിംസ് ആണ് സിനിമ ഓവര്‍സീസില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Content Highlights: Mohanlal's Hridayapoorvam teaser update, his expression on new poster goes viral

dot image
To advertise here,contact us
dot image