
രജനികാന്തിനെ നായകനാക്കി ലേകേഷ് കനകരാജ് ഒരുക്കുന്ന കൂലിയിലെ 'മോണിക്ക' എന്ന ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സൗബിൻ ഷാഹിറും പൂജ ഹെഗ്‌ഡെയും തകർത്ത ഈ ഗാനം ഇപ്പോൾ റീൽസിലും ട്രെൻഡിങ് ആണ്. മോണിക്ക എന്ന ഗാനം ഒറിജിനൽ മോണിക്ക ബെല്ലൂച്ചിയ്ക്കുള്ള ട്രിബ്യുട്ട് ആണെന്ന് പറയുകയാണ് ലോകേഷ്. പാട്ടിന് ലഭിച്ച പ്രശംസയുടെ സ്ക്രീൻഷോട്ടുകൾ ആരോ അവർക്ക് അയച്ചിട്ടുണ്ടെന്നും എന്നാൽ മറുപടി ലഭിച്ചിട്ടില്ലെന്നും ലോകേഷ് കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ഹോളിവുഡ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'അനിരുദ്ധും ഞാനും മോണിക്ക ബെല്ലൂച്ചിയുടെ വലിയ ആരാധകരാണ്. അങ്ങനെ, ആദ്യം ഞങ്ങൾ മോണിക്ക ബെല്ലൂച്ചിയുടെ ഒരു ഗാനം തീരുമാനിച്ചു, തുടർന്ന് പൂജ ഹെഗ്‌ഡെയെ മോണിക്ക എന്ന് പേരിട്ടു. ഈ പാട്ട് മോണിക്ക ബെല്ലൂച്ചിക്കുള്ള ട്രിബ്യുട്ട് ആണ്. പാട്ടിന് ലഭിച്ച പ്രശംസയും സ്ക്രീൻഷോട്ടുകളും ആരോ അവർക്ക് അയച്ചു കൊടുത്തതായി ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ അവരുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല. മറുപടി ഒന്നും ലഭിച്ചിട്ടില്ല', ലോകേഷ് പറഞ്ഞു. തന്റെ സിനിമകളുടെ പാട്ടുകളുടെ കാര്യം വരുമ്പോൾ അത് പൂർണ്ണമായും അനിരുദ്ധിന്റെ ഇഷ്ടമാണെന്നും ലോകേഷ് കൂട്ടിച്ചേർത്തു.
മോണിക്ക ബെല്ലൂച്ചി ലോക പ്രസ്തയായ ഇറ്റാലിയൻ നടിയാണ്. ഹോളിവുഡ്, ഫ്രഞ്ച് തുടങ്ങി നിരവധി ഭാഷകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. മലീന സ്കോർഡിയ ഇൻ മലീന (2000) എന്ന ചിത്രമാണ് ഇവരെ കൂടുതൽ പ്രശസ്തയാക്കിയത്. ഈ സിനിമയിലെ കഥാപാത്രം ഇന്നും ആരാധകരുടെ ഓർമയിൽ നിൽക്കുന്നതാണ്. ഈ സിനിമയിലെ അഭിനയത്തിന് ആ വർഷത്തെ നാഷണൽ അവാർഡ് മോണിക്കയെ തേടിയെത്തിയിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബീറ്റിൽജ്യൂസ് എന്ന അമേരിക്കൻ ഗോതിക് ഡാർക്ക് ഫാന്റസി കോമഡി ഹൊറർ ചിത്രമാണ് മോണിക്കയുടെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം.
അതേസമയം, ആഗസ്റ്റ് 14നാണ് കൂലി തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തില്‍ നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആമിര്‍ ഖാന്‍റെ കാമിയോ റോളുമുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
Content Highlights- Lokesh says they are fans of Monica Bellucci and have sent the song to her