
കമൽഹാസനും മണിരത്‌നവും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച തഗ് ലൈഫ് എന്ന സിനിമ ഏറെ പ്രതീക്ഷകളുമായാണ് തിയേറ്ററുകളിലെത്തിയത്. എന്നാൽ ആ പ്രതീക്ഷകൾ അസ്ഥാനത്താക്കിയുള്ള പ്രേക്ഷക പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ സിനിമയിൽ അഭിനയിച്ചതിൽ തനിക്ക് ഒരുപാട് പേരിൽ നിന്ന് പഴി കേൾക്കേണ്ടിവന്നുവെന്ന് പറയുകയാണ് അലി ഫസൽ. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ബോളിവുഡിലെ ശ്രദ്ധേയനായ താരം അലി ഫസലിന്റെ തമിഴ് അരങ്ങേറ്റംകൂടിയായിരുന്നു ചിത്രം.
'ഞാൻ ആ സിനിമ കണ്ടിട്ടില്ല. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ചിത്രം ചെയ്തതെന്ന് സുഹൃത്തുക്കളും ആരാധകരുമായ ഒരുപാടുപേർ ചോദിക്കുന്നുണ്ട്. സത്യസന്ധമായി പറഞ്ഞാൽ, മണി സാറിന്റെ ലോകത്തോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ആ സിനിമ ചെയ്തത്. എന്റെ അറിവിൽ ചിത്രം ബോക്സ് ഓഫീസിൽ വിജയിച്ചില്ല. എന്തിനാണ് ഇങ്ങനെയൊരു സിനിമ ചെയ്തതെന്ന് ചോദിച്ച് എനിക്ക് സന്ദേശമയക്കുന്നവരോട് കുഴപ്പമില്ലെന്നാണ് പറയാൻ ആഗ്രഹിക്കുന്നത്.
സിനിമയിലുള്ള രംഗങ്ങളെക്കുറിച്ചും ഇല്ലാത്ത രംഗങ്ങളെക്കുറിച്ചും എനിക്കിപ്പോൾ അറിയാം. സത്യം പറഞ്ഞാൽ, മണി സാറിന്റെ വലിയ കാഴ്ചപ്പാടിനെ ഞാൻ ചോദ്യം ചെയ്യില്ല. അവരാണ് കഥ മുഴുവൻ തയ്യാറാക്കിയത്. നിർമ്മാണഘട്ടത്തിൽ ഒരുപാട് മാറ്റങ്ങളിലൂടെ അത് കടന്നുപോയെന്ന് എനിക്കറിയാം. സത്യത്തിൽ, അത്രയേയുള്ളൂ , ആ അധ്യായം അടഞ്ഞു,' അലി ഫസൽ പറഞ്ഞു. ചിത്രത്തിൽ പ്രവർത്തിച്ചത് വളരെ നല്ല അനുഭവമായിരുന്നുവെന്നും മണിരത്‌നവും കമൽഹാസനും തന്നെ സ്നേഹത്തോടെയാണ് സ്വീകരിച്ചതെന്നും അലി കൂട്ടിച്ചേർത്തു. ഭാവിയിൽ മണിരത്നത്തിനൊപ്പം വീണ്ടും പ്രവർത്തിക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.
അതേസമയം, ബോക്സ് ഓഫീസിലെ പരാജയം മൂലം ഒടിടിയിൽ നിശ്ചയിച്ച തീയതിക്കും മുൻപ് റിലീസ് ചെയ്ത സിനിമയ്ക്ക് അവിടെയും രക്ഷയില്ല. സിനിമക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ വര്‍ഷമാണ് നേരിട്ടത്. ചിത്രം മുടക്കുമുതൽ പോലും നേടാതെയാണ് തിയേറ്റർ വിട്ടത്. തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്നും 50 കോടി പോലും കടക്കാന്‍ ചിത്രത്തിനായിരുന്നില്ല. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം പൂര്‍ത്തിയാക്കിയത്.
Ali Fazal says he had to face criticism for his role in the movie Thug Life