സൂപ്പര്‍മാന് പോലും രക്ഷയില്ല, കത്തിവെച്ച് സെന്‍സര്‍ ബോര്‍ഡ്; മുറിഞ്ഞിട്ടും ചരിത്രമായ ചില സിനിമകള്‍ ഇതാ

ഇന്ത്യക്ക് പുറത്തും ഇത്തരത്തില്‍ കത്തിവെയ്ക്കപ്പെടുകയോ ബാന്‍ ചെയ്യപ്പെടുകയോ ചെയ്തിട്ട് പിന്നീട് ചരിത്രം സൃഷ്ടിച്ച നിരവധി സിനിമകള്‍ ഉണ്ട്

dot image

ജെയിംസ് ഗണ്‍ സംവിധാനം ചെയ്ത പുതിയ സൂപ്പര്‍മാനിലെ ഡേവിഡ് കോറന്‍സ്വെറ്റും റേച്ചല്‍ ബ്രോസ്നഹാനും അഭിനയിക്കുന്ന 33 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ചുംബന രംഗത്തില്‍ ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് കത്തിവെച്ചിരിക്കുകയാണ്. ചിത്രത്തില്‍ പ്രധാനമായൊരു വൈകാരിക രംഗം ചില സെക്കന്‍ഡുകളായി ചുരുക്കിയതില്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതികരണങ്ങളാണ് രേഖപ്പെടുത്തുന്നത്. പ്രധാന കഥാപാത്രങ്ങള്‍ തമ്മിലുള്ള രണ്ട് ചുംബന രംഗങ്ങള്‍, ചില ശക്തമായ സംഭാഷണ പ്രയോഗങ്ങള്‍ തുടങ്ങിയവ ഇന്ത്യന്‍ പതിപ്പില്‍ നിന്ന് നീക്കം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സൂപ്പര്‍മാനും ലോയിസും ചുംബിച്ചുകൊണ്ട് ആകാശത്തിലേക്ക് ഉയരുന്ന നിര്‍ണായക ദൃശ്യം, പൂര്‍ണമായാണ് ഒഴിവാക്കിയിരിക്കുന്നത്.

ഇതിന് സമാനമായി സെന്‍സര്‍ ബോര്‍ഡ് ഇടപെടലുകളുണ്ടായ, എഫ് 1 സിനിമയിലെ ഇമോജി രംഗവും, ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരളയിലെ പേരുകൊണ്ടുള്ള വിവാദവും, പഞ്ചാബ് 95 എന്ന സിനിമയിലെ 120 ല്‍ അധികം വരുന്ന കട്ടുകളുമെല്ലാം സിനിമാ ആസ്വാദകര്‍ക്കിടയിലും ഇന്‍ഡസ്ട്രയിലും ഒരുപോലെ ആശങ്ക ഉണര്‍ത്തുന്നുണ്ട്. കാര്യമിങ്ങനെയൊക്കെയാണെങ്കിലും, ഇന്ത്യക്കു പുറത്തും ഇത്തരത്തില്‍ കത്തിവെയ്ക്കപ്പെടുകയോ ബാന്‍ ചെയ്യപ്പെടുകയോ ചെയ്തിട്ട് പിന്നീട് ചരിത്രം സൃഷ്ടിക്കുകയും കള്‍ട്ട് സ്റ്റാറ്റസ് നേടുകയും ചെയ്ത നിരവധി സിനിമകള്‍ ഉണ്ട്. അത്തരത്തിലുള്ള ചില സിനിമകള്‍ ഇതാ…

A Clockwork Orange (1971)


സ്റ്റാന്‍ലി ക്യൂബ്രിക് സംവിധാനം ചെയ്ത A Clockwork Orange 1971ല്‍ പുറത്തിറങ്ങിയ, ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. അലക്‌സാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. അതിക്രൂര പ്രവൃത്തികളില്‍ ആനന്ദം കണ്ടെത്തുന്ന ഒരു യുവാവ്. അവന്‍ കീഴടങ്ങേണ്ടിവരുന്നത് ഒരു സര്‍ക്കാര്‍ നിയന്ത്രിത മാനസിക ചികിത്സാ സംവിധാനത്തിനാണ്. ചിത്രത്തില്‍ അടങ്ങിയിരിക്കുന്ന ലൈംഗികതയും അതിക്രമ ദൃശ്യങ്ങളും വലിയ വിവാദങ്ങള്‍ക്കിടയാക്കി. ബ്രിട്ടനില്‍ വലിയ പ്രതിഷേധങ്ങളുണ്ടായതോടെ, ക്യൂബ്രിക് തന്നെ ചിത്രം പിന്‍വലിക്കുകയും ചെയ്തു. പല രാജ്യങ്ങളിലും ചിത്രം നിരോധിക്കപ്പെട്ടു. എന്നിരുന്നാലും, ചിത്രത്തിന്റെ സാങ്കേതിക മികവും, ദൃശ്യഭാഷയും, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആഴമുള്ള ചിന്തകളും കൊണ്ട് A Clockwork Orange ഇന്ന് ഒരു ക്ലാസിക് സിനിമയായി കണക്കാക്കപ്പെടുന്നു.

Brokeback Mountain (2005)


ആംഗ് ലീ സംവിധാനം ചെയ്ത Brokeback Mountain ഒരു കാലത്ത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചെങ്കിലും, ഇന്ന് അത് ഹോളിവുഡിലെ ഏറ്റവും ശ്രദ്ധേയമായ പ്രണയചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. വൈയോമിങ്ങിലെ രണ്ടു കൗബോയ്മാരുടെ രഹസ്യപ്രണയമാണ് സിനിമ സംസാരിക്കുന്നത്. സ്വവര്‍ഗാനുരാഗത്തിന്റെ ആഴവും പരപ്പും, സമൂഹം ആ ബന്ധങ്ങളോട് പുലര്‍ത്തുന്ന അധിക്ഷേപ മനോഭാവവുമെല്ലാം ചിത്രം സംസാരിക്കുന്നുണ്ട്. സിനിമ റിലീസായപ്പോള്‍ ചൈന, യുഎഇ, പാകിസ്താന്‍ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ടു. ചില രാജ്യങ്ങളില്‍ ചില രംഗങ്ങള്‍ മുറിച്ചുമാറ്റുകയും ചെയ്തു. എന്നാല്‍ സിനിമ വലിയ പ്രേക്ഷകപ്രീതിയും, മൂന്ന് ഓസ്‌കാര്‍ അവാര്‍ഡും നേടി. ഇന്ന് ക്വിയര്‍ റെപ്രസെന്റേഷനില്‍ വലിയ പങ്കുവഹിച്ച, എല്‍ജിബിടിക്യു വിഷയങ്ങളെ ഗൗരവത്തോടെ കാണണമെന്ന് ഹോളിവുഡിനെ പഠിപ്പിച്ച ചിത്രങ്ങളിലൊന്നായാണ് ഇത്.

Fight Club (1999)


'ഫൈറ്റ് ക്ലബ്ബ്' എന്ന ചിത്രം പറയുന്നത് വെറും അടിയും രക്തവുമല്ല, അതിജീവനത്തിനായുള്ള ഒരടിയന്തര വിളിയാണെന്ന് ഇന്നാണ് ലോകം മനസ്സിലാക്കുന്നത്. ഡേവിഡ് ഫിഞ്ചര്‍ സംവിധാനം ചെയ്ത ഈ കലാസൃഷ്ടി, 1999-ല്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ റിയലിസ്റ്റിക് ഫൈറ്റ് സീനുകളും സാമൂഹ്യവിരുദ്ധ ശൈലിയും കൊണ്ടു കടുത്ത പ്രതിഷേധങ്ങള്‍ക്കും സെന്‍സര്‍ഷിപ്പിനും ഇരയാവുകയായിരുന്നു.

ഉപഭോക്തൃ സംസ്‌കാരത്തില്‍ ആഴ്ന്നുപോയ സമൂഹത്തെ നേരിട്ട ചോദ്യം ചെയ്യുന്ന ഈ സിനിമ, ബ്രാഡ് പിറ്റും എഡ്വേഡ് നോര്‍ട്ടണും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ കാണികളെ ഏറെ സ്വാധീനിച്ചിരുന്നു. അതുകൊണ്ട് തന്നെ, സെന്‍സറിനും അപ്പുറത്തേക്ക് ചില രാജ്യങ്ങളില്‍ ചിത്രം എഡിറ്റ് ചെയ്യപ്പെടുകയും, ചൈനയില്‍ അതിന്റെ ഒറിജിനല്‍ ക്ലൈമാക്‌സ് വരെ മാറ്റി പതിപ്പുകള്‍ പുറത്തിറക്കുകയും ചെയ്തു. പക്ഷേ ഇന്ന് Fight Club എന്നത് വെറും സിനിമയല്ല, റിബല്‍ കള്‍ച്ചന് വേണ്ടി നിലകൊള്ളുന്ന ഐക്കണായി മാറിയിരിക്കുന്നു.

Content Highlights: Censorship affected classics in world cinema

dot image
To advertise here,contact us
dot image