ഡിവോഴ്സ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർ ഈ സിനിമ കണ്ടതിന് ശേഷം ആ തീരുമാനം മാറ്റിയേക്കാം: പാണ്ഡിരാജ്

'കടയ്ക്കുട്ടി സിങ്കം എന്ന എന്റെ സിനിമ കണ്ട് പിരിഞ്ഞ് നിന്ന ഒരുപാട് സഹോദരങ്ങൾ ഒന്നിച്ചു എന്ന് ഞാൻ കേട്ടു'

dot image

പസങ്ക, കേഡി ബില്ല കില്ലാഡി രംഗ, കടയ്ക്കുട്ടി സിങ്കം തുടങ്ങി നിരവധി സൂപ്പർഹിറ്റ് ഒരുക്കിയ സംവിധായകനാണ് പാണ്ഡിരാജ്. വിജയ് സേതുപതിയും നിത്യ മേനനും പ്രധാന വേഷങ്ങളിൽ എത്തുന്ന തലൈവൻ തലൈവി ആണ് ഇനി പുറത്തിറങ്ങാനുള്ള പാണ്ഡിരാജ് ചിത്രം. ഡിവോഴ്സിനെക്കുറിച്ചാണ് ഈ സിനിമ സംസാരിക്കുന്നതെന്നും ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഈ സിനിമ കണ്ടതിന് ശേഷം ആ തീരുമാനത്തിൽ നിന്ന് പിന്മാറുമെന്നും പാണ്ഡിരാജ് പറഞ്ഞു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വെച്ചാണ് പാണ്ഡിരാജ് ഇക്കാര്യം മനസുതുറന്നത്‌.

'ഈ സിനിമ ഡിവോഴ്സിനെപ്പറ്റി സംസാരിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ ഇന്ന് ഡിവോഴ്സ് റേറ്റ് വളരെയധികം കൂടുന്നുണ്ട്. അത് എന്തുകൊണ്ട് എന്നതാണ് ഈ സിനിമയുടെ കഥ. ഈ സിനിമ വന്നതിന് ശേഷം അതിനെക്കുറിച്ച് നിരവധി പേര് സംസാരിക്കും. കടയ്ക്കുട്ടി സിങ്കം എന്ന എന്റെ സിനിമ കണ്ട് പിരിഞ്ഞ് നിന്ന ഒരുപാട് സഹോദരങ്ങൾ ഒന്നിച്ചു എന്ന് ഞാൻ കേട്ടു. ഡിവോഴ്സ് ആകണമെന്ന് ആഗ്രഹിക്കുന്നവരും അല്ലെങ്കിൽ അതിനായി കോടതിയെ സമീപിക്കണമെന്ന് ആഗ്രഹിക്കുന്നവരും ഈ സിനിമ കണ്ടതിന് ശേഷം അത്തരം ഒരു തീരുമാനത്തെ കുറിച്ച് പുനരാലോചനയ്ക്ക് തയ്യാറാകുമെന്നാണ് ഞാന്‍ കരുതുന്നത്,' പാണ്ഡിരാജ് പറഞ്ഞു.

ഒരു ഹോട്ടലിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന കോമഡിയും റൊമാൻസും നിറഞ്ഞ എന്റർടെയ്നർ സിനിമയാകും തലൈവൻ തലൈവി എന്ന സൂചനയാണ് റിലീസ് ടീസർ നൽകുന്നത്. ചിത്രം ജൂലൈ 25 ന് പുറത്തിറങ്ങും. യോഗി ബാബു സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 2022-ൽ പുറത്തിറങ്ങിയ മലയാളം ചിത്രമായ 19(1)(a)ന് ശേഷം വിജയ്‌ സേതുപതിയും നിത്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തലൈവൻ തലൈവി. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി ത്യാഗരാജൻ ആണ് സിനിമ നിർമിക്കുന്നത്. സന്തോഷ് നാരായണൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.

തലൈവൻ തലൈവിയുടെ ഛായാഗ്രാഹകൻ എം സുകുമാർ, എഡിറ്റർ പ്രദീപ് ഇ രാഗവ് എന്നിവരാണ്. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ജി. ശരവണനും സായ് സിദ്ധാർത്ഥും ആണ് സിനിമയുടെ കോ പ്രൊഡ്യൂസർ. സൂര്യയെ നായകനാക്കി പുറത്തിറങ്ങിയ 'എതർക്കും തുനിന്തവൻ' എന്ന സിനിമയ്ക്ക് ശേഷം പാണ്ഡിരാജ് ഒരുക്കുന്ന സിനിമയാണിത്.

Content Highlights: Vijay Sethupathi film talks about divorce says Pandiraj

dot image
To advertise here,contact us
dot image