ഇപ്പോ മനസിലായല്ലോ ആർക്കാണ് സ്റ്റാർഡമെന്ന്?, റെക്കോർഡ് ഒടിടി ഡീലുകൾ സ്വന്തമാക്കി സൂപ്പർതാരങ്ങൾ

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്

dot image

തിയേറ്ററിലെ കളക്ഷൻ പോലെ തന്നെ പ്രധാനമാണ് ഒരു സിനിമയ്ക്ക് ഒടിടി റൈറ്റ്‌സും. തമിഴിലെ സൂപ്പർതാരങ്ങളുടെ പല വമ്പൻ സിനിമകളും കോടികൾക്കാണ് ഒടിടി ഡീലുകൾ വിറ്റുപോകുന്നത്. ഇപ്പോഴിതാ അത്തരത്തിൽ തമിഴിലെ ഏറ്റവും വലിയ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുകയാണ് രജനി ചിത്രമായ കൂലിയും വിജയ്‌യുടെ ജനനായകനും.

ഇരുചിത്രങ്ങളും തമിഴിലെ റെക്കോർഡ് തുകയായ 125 കോടി രൂപയ്ക്കാണ് സ്ട്രീമിങ് റൈറ്റ്സ് വിറ്റുപോയിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോ ആണ് ഈ രണ്ട് സിനിമകളുടെയും ഒടിടി ഡീൽ സ്വന്തമാക്കിയിരിക്കുന്നത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. കോളിവുഡിലെ അടുത്ത സെൻസേഷൻ ആകാൻ കെൽപ്പുള്ള ചിത്രമാണ് ഇത്.

രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്. ചിത്രം ആഗസ്റ്റ് 14 നാണ് തിയേറ്ററിൽ എത്തുന്നത്. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കൊമേർഷ്യൽ എന്റർടൈനർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം തന്നെ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. ചിത്രത്തിൽ വിജയ് പൊലീസ് ഓഫീസർ ആയിട്ടാണ് എത്തുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. കയ്യിൽ ഒരു വാളുമായി പൊലീസ് വേഷത്തിൽ വില്ലന്മാരുടെ മുന്നിലേക്ക് നടന്നുവരുന്ന വിജയ്‌യെ ആണ് ടീസറിൽ കാണാനാകുന്നത്. 2026 ജനുവരി 9 ആണ് 'ജനനായകൻ' തിയേറ്ററിൽ എത്തുന്നത്. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്.

Content Highlights: Coolie and Jananayagan baggs record OTT deals

dot image
To advertise here,contact us
dot image