
മാമന്നൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒന്നിക്കുന്ന മാരീശൻ എന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. വേലൻ, ദയ എന്നീ കഥാപാത്രങ്ങളായാണ് വടിവേലുവും ഫഹദ് ഫാസിൽ ചിത്രത്തിലെത്തുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസർ ഫഹദിന്റെയും വടിവേലുവിന്റെയും മികച്ച പെർഫോമൻസ് ചിത്രത്തിലുണ്ടാകുമെന്ന് ഉറപ്പ് നൽകുന്നുണ്ട്. തമാശകളും ത്രില്ലിംഗ് നിമിഷങ്ങളുമെല്ലാം നിറഞ്ഞ് ഏറെ കൗതുകമുണർത്തുന്ന രീതിയിലായിരുന്നു ടീസർ. ഇപ്പോഴിതാ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
കള്ളൻ വേഷത്തിലാണ് ഫഹദ് ചിത്രത്തിൽ എത്തുന്നത്. അൽഷിമേഴ്‌സ് രോഗത്തോട് പൊരുതുന്ന കഥാപാത്രത്തെയാണ് വടിവേലു സിനിമയിൽ അവതരിപ്പിക്കുന്നത്. ഫീൽ ഗുഡ് മാത്രമായിരിക്കില്ല സിനിമ അല്പം ഇമോഷണലും ത്രില്ലറുമാണെന്നുമാണ് ട്രെയ്ലർ നൽകുന്ന സൂചന. സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന മാരീശൻ ജൂലൈ 25ന് തിയേറ്ററുകളിലെത്തും.
തമിഴ് ചിത്രം ആറുമനമേ, മലയാള ചിത്രം വില്ലാളി വീരൻ എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് സുധീഷ് ശങ്കർ. സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന 98-ാമത് സിനിമയാണ് മാരീശൻ. യുവൻ ശങ്കർ രാജയാണ് മാരീശന് സംഗീതം ഒരുക്കുന്നത്. കലൈശെൽവൻ ശിവാജി ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിക്കുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, വേട്ടയ്യൻ തുടങ്ങിയ സിനിമകളിൽ കള്ളൻ വേഷത്തിൽ ആയിരുന്നു ഫഹദ് എത്തിയത്. അദ്ദേഹത്തിന്റെ മൂന്നാമത്തെ കള്ളൻ കഥാപാത്രമാണ് ഈ സിനിമയിലേത്.
Content Highlights: Maareesan movie trailer out now