
ട്രോൺ, ടോപ് ഗൺ മാവെറിക്ക് തുടങ്ങിയ ഹിറ്റ് ഹോളിവുഡ് സിനിമകൾ സംവിധാനം ചെയ്ത ജോസഫ് കോസിൻസ്കിയുടെ ഏറ്റവും പുതിയ സിനിമയാണ് 'എഫ് 1'. ഫോർമുല 1 റേസിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമയിൽ നായകനായി എത്തുന്നത് ബ്രാഡ് പിറ്റ് ആണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കളക്ഷനിലും വലിയ കുതിപ്പുണ്ടാക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. സൂപ്പർമാന്റെ റിലീസിനെ തുടർന്ന് ഐമാക്സ് സ്‌ക്രീനുകളിൽ നിന്ന് ചിത്രം നീക്കം ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രം ഐമാക്സ് സ്‌ക്രീനുകളിലേക്ക് തിരിച്ചെത്തുകയാണ്.
പ്രേക്ഷകരുടെ നിരന്തരമായ ആവശ്യത്തുടർന്നാണ് ചിത്രം ഐമാക്‌സിലേക്ക് തിരിച്ചെത്തുന്നത്. മുംബൈയിലെ ഐമാക്സ് സ്‌ക്രീനുകളിൽ രാത്രി ഒരു മണിക്കുള്ള ഷോ വരെ നിറഞ്ഞ സദസിലാണ് പ്രദർശനം തുടരുന്നത്. സൂപ്പർമാനൊപ്പം രാത്രി ഒരു മണിക്കും രാവിലെ ആറ് മണിക്കുമാണ് ചിത്രത്തിന്റെ ഐമാക്സ് ഷോകൾ ചാർട്ട് ചെയ്തിരിക്കുന്നത്. 311.7 മില്യൺ ഡോളറാണ് ചിത്രത്തിന്റെ ഇതുവരെയുള്ള വേൾഡ് വൈഡ് കളക്ഷൻ. ഇന്ത്യയിൽ നിന്ന് ചിത്രം ഇതുവരെ നേടിയത് 61.30 കോടിയാണ്. ഐമാക്സ് സ്‌ക്രീനുകളിൽ സിനിമയ്ക്ക് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
EROS already is packed at 1 AM for #F1TheMovie in IMAX. This is an extraordinary audience response. The film is running at 70%+ occupancy in regular shows too. https://t.co/XfL2U81Pyg pic.twitter.com/qdwypB9oT4
— Dev (@D_457789) July 12, 2025
പ്രേക്ഷകർ ഐമാക്സ് സ്‌ക്രീനിൽ സിനിമ കാണുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ തന്നെ സോഷ്യൽ മീഡിയകളിൽ വൈറലാണ്. ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ എന്നാണ് എഫ് വണ്ണിന് ലഭിക്കുന്ന റിപ്പോർട്ടുകൾ. ചിത്രത്തിലെ ബ്രാഡ് പിറ്റിന്റെ അഭിനയത്തേയും എല്ലാവരും പുകഴ്ത്തുന്നുണ്ട്. ഡാംസൺ ഇഡ്രിസ്, കെറി കോണ്ടൻ, തോബിയാസ് മെൻസിസ്, ജാവിയർ ബാർഡെം എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. വാർണർ ബ്രദേഴ്സ് പിക്‌ചേഴ്‌സ് ആണ് സിനിമ തിയേറ്ററുകളിൽ എത്തിച്ചത്.
Content Highlights: F1 movie back in IMAX