
തുടരും എന്ന ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത സിനിമയാണ് ടോർപിഡോ. ഫഹദ് ഫാസിൽ, നസ്‌ലെൻ, ഗണപതി, അർജുൻ ദാസ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ കാമിയോ റോളിലായിരിക്കും എത്തുക എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇതിൽ വ്യക്തത വരുത്തുകയാണ് നിർമാതാവ്. ഫഹദ് സിനിമയിലെ മൂന്ന് നായകന്മാരിൽ ഒരാളാണെന്ന് ആഷിഖ് പറഞ്ഞു. 100 ദിവസത്തോളം വേണ്ടിവരുന്ന വലിയ സിനിമ ആണിതെന്നും ആഷിഖ് കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ലെെവിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ബിനു പപ്പു ആണ് സിനിമയുടെ തിരക്കഥ എഴുതുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷൻ നടക്കുകയാണ്. ജനുവരി പത്തോട് കൂടി ഷൂട്ട് തുടങ്ങാനാണ് പ്ലാൻ. ബാംഗ്ലൂർ ആണ് സിനിമയുടെ കഥ മുഴുവൻ നടക്കുന്നത്. ഏകദേശം 100 ദിവസത്തോളം ഷൂട്ട് വേണ്ടിവരുന്ന സിനിമയാണത്. ഒരു വലിയ സിനിമയാണത്. ത്രില്ലർ ഴോണറിലാണ് ടോർപിഡോ ഒരുങ്ങുന്നത്, ആക്ഷനും ഉണ്ടാകും. ഫഹദ് എക്സ്റ്റൻഡഡ് കാമിയോ ആണെന്ന് ആരാണ് പറഞ്ഞതെന്ന് അറിയില്ല അദ്ദേഹം ഈ സിനിമയിലെ മൂന്ന് നായകന്മാരിൽ ഒരാളാണ്,' ആഷിഖ് ഉസ്മാൻ പറഞ്ഞു.
ബിനു പപ്പുവിന്റെ രചനയിലാണ് അടുത്ത സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നതെന്ന് നേരത്തെ തന്നെ തരുൺ മൂർത്തി പറഞ്ഞിരുന്നു. ഓപ്പറേഷൻ ജാവ മുതൽ തുടരുന്ന കൂട്ടുകെട്ട് ഇനിയും തുടരുമെന്ന് ബിനു പപ്പുവും പറഞ്ഞിരുന്നു. ജിംഷി ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിനായി സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാമാണ്. വിവേക് ഹർഷനാണ് എഡിറ്റിങ്. വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും ഗോകുൽ ദാസ് ആർട്ട് ഡയറക്ടഷനും നിർവഹിക്കുന്നു.
Content Highlights: The producer clarifies that Fahadh faasil is not a guest star in Tharun moorthy filim