
വമ്പന്‍ ബോക്‌സ് ഓഫീസ് ഹിറ്റുകളോടെ തിളങ്ങിനില്‍ക്കുകയാണ് മോഹന്‍ലാല്‍. ആരാധകരെ ആവേശത്തിലാക്കി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന മോഹൻലാൽ സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നടന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന സിനിമയ്ക്ക് താത്കാലികമായി L 365 എന്നാണ് പേരിട്ടിരിക്കുന്നത്. പൊലീസ് വേഷത്തിൽ മോഹൻലിന്റെ അഴിഞ്ഞാട്ടമായിരിക്കും സിനിമയെന്ന് പറയുകയാണ് ആഷിഖ് ഉസ്മാൻ. തുടരും എന്ന സൂപ്പർ ഹിറ്റിന് ശേഷം ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. റിപ്പോർട്ടർ ലെെവിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'മോഹൻലാൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ തുടങ്ങിയിട്ടുണ്ട്. ഈ വർഷം തന്നെ സിനിമയുടെ ഷൂട്ടിങ് തുടങ്ങും. അടുത്ത വർഷം വിഷുവിനായിരിക്കും സിനിമ തിയേറ്ററിൽ എത്താൻ പോകുന്നത്. അതൊരു വെക്കേഷൻ സമയത്ത് ഫാമിലി ഒക്കെ ആയി ആളുകൾ തിയേറ്ററിലേക്ക് ഇറങ്ങുമ്പോൾ റിലീസ് ചെയ്യേണ്ട സിനിമയാണ്. ഒരു വലിയ സിനിമ തന്നെയാണ് അത്. ലാലേട്ടൻ കുറച്ച് നാളുകൾക്ക് ശേഷം ഒരു പൊലീസ് ഓഫീസർ ആയി അഭിനയിക്കുന്ന സിനിമയാണ് L 365. ഒരു പ്രോപ്പർ കൊമേർഷ്യൽ ഫോർമാറ്റിൽ ഉള്ള ഒരു കംപ്ലീറ്റ് ലാലേട്ടൻ പടമായിരിക്കും അത്. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി മ്യൂസിക് ഒരുക്കുന്നത്,' ആഷിഖ് ഉസ്മാൻ പറഞ്ഞു.
അതേസമയം, നടന്‍ കൂടിയായ ഓസ്റ്റിന്‍ ഡാന്‍ തോമസ് ആണ് L 365 സിനിമയുടെ സംവിധാനം. രചന നിര്‍വഹിക്കുന്നത് രതീഷ് രവിയാണ്. എമ്പുരാന്‍, തുടരും എന്നീ സിനിമകള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ഹൃദയപൂര്‍വ്വമാണ് മോഹന്‍ലാലിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ദൃശ്യം 3, അനൂപ് മേനോന്‍ ചിത്രം, മമ്മൂട്ടിക്കൊപ്പമെത്തുന്ന മഹേഷ് നാരായണന്‍ ചിത്രം തുടങ്ങിയ സിനിമകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
Content Highlights: Aashiq Usman says L 365 will be a complete Lalettan film