നിവിൻ പോളി ഉണ്ടെന്ന സംശയങ്ങൾക്ക് ഒടുവിൽ ഫുൾ സ്റ്റോപ്പ്; വമ്പൻ ആക്ഷൻ സിനിമയുമായി ഹിറ്റ് സംവിധായകനൊപ്പം കാർത്തി

ചിത്രത്തിൽ നിവിൻ പോളി ഒരു പ്രധാന വേഷത്തിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

dot image

ഓരോ കാർത്തി സിനിമകൾക്കും വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. തന്റെ മികച്ച സിനിമ തിരഞ്ഞെടുപ്പുകൾ കൊണ്ട് അദ്ദേഹം എന്നും പ്രേക്ഷകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോഴിതാ പ്രതീക്ഷയുണർത്തുന്ന പുതിയ സിനിമയുമായി കാർത്തി എത്തുകയാണ്. താനക്കാരൻ എന്ന ഹിറ്റ് ചിത്രമൊരുക്കിയ തമിഴിനൊപ്പമാണ് കാർത്തിയുടെ പുതിയ ചിത്രം. 'മാർഷൽ' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തുവന്നു.

ചിത്രത്തിൽ നിവിൻ പോളി ഒരു പ്രധാന വേഷത്തിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വന്ന പോസ്റ്ററിൽ നടന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. കല്യാണി പ്രിയദർശൻ ആണ് സിനിമയിലെ നായിക. ലാൽ, പ്രഭു, സത്യരാജ്, ജോൺ കൊക്കൻ, ഈശ്വരി റാവു, മുരളി ശർമ്മ എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. സത്യൻ സൂര്യൻ ആണ് സിനിമയ്ക്കായി ഛായാഗ്രഹണം നിർവഹിക്കുന്നത്. ഫിലോമിൻ രാജ് എഡിറ്റിംഗ് നിർവഹിക്കുന്ന സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത് സായ് അഭ്യങ്കാർ ആണ്.

ജയ് ഭീം, വിടുതലൈ, ഗോലി സോഡാ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച നടനാണ് തമിഴ്. വിക്രം പ്രഭുവിനെ നായകനാക്കി ഒരുക്കിയ 'താനക്കാരൻ' ആണ് തമിഴ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമയിലെ വിക്രം പ്രഭുവിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. എം എസ് ഭാസ്കർ, ബോസ് വെങ്കട്ട്, ലാൽ എന്നിവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഡ്രീം വാര്യർ പിക്‌ചേഴ്‌സിന്റെ ബാനറിൽ എസ് ആർ പ്രഭു, എസ് ആർ പ്രകാശ് ബാബു എന്നിവർ ചേർന്നാണ് മാർഷൽ നിർമിക്കുന്നത്. ഉടൻ ഷൂട്ടിംഗ് ആരംഭിക്കുന്ന സിനിമ അടുത്ത വർഷം തിയേറ്ററിൽ എത്തുമെന്നാണ് സൂചന.

സർദാർ 2 ആണ് ഇനി പുറത്തിറങ്ങാനുള്ള കാർത്തി സിനിമ. 2022ല്‍ പുറത്തിറങ്ങി വലിയ വിജയം നേടിയ സർദാർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്. പിഎസ് മിത്രൻ തന്നെയാണ് സർദാർ 2വിന്റെയും സംവിധായകൻ. ചൈന, കംബോഡിയ തുടങ്ങിയ സ്ഥലങ്ങളിലായി 100 ദിവസത്തോളമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

Content Highlights: Karthi 29 titled as Marshal title poster announced

dot image
To advertise here,contact us
dot image