
ജെസ്‌കെ വിവാദങ്ങൾക്കിടെ തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി ഫേസ്ബുക്ക് കവർ പിക് മാറ്റിയത് ചർച്ചയാകുന്നു. 'ആൾക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നത് എന്തോ അതാണ് സെൻസർഷിപ്പ് കല'യോട് ചെയ്യുന്നത് എന്നാണ് പുതിയ കവർ പിക്കിലെ വാചകം. നേരത്തെ എമ്പുരാനിൽ റീസെൻസറിങ് അടക്കമുള്ള വിവാദങ്ങൾ ഉയർന്നിരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് മുരളി ഗോപിയുടെ പോസ്റ്റ് ചർച്ചയാകുന്നത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ നിലപാടിന് പിന്തുണയുമായി കമന്റുകളിൽ എത്തിയിരിക്കുന്നത്.
അതേസമയം, ജാനകി vs സ്റ്റേറ്റ് ഓഫ് കേരള ചിത്രത്തിന്റെ യഥാർത്ഥ പേര് മാറ്റാനുള്ള സെൻസർ ബോർഡ് തീരുമാനത്തെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ അംഗീകരിച്ചിരിക്കുകയാണ്. ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള എന്നാണ് പുതിയ പേര്. വിചാരണ രംഗങ്ങളിൽ ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യാമെന്നും നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതുമായി ബന്ധപ്പെട്ട് അണിയറ പ്രവർത്തകർ നൽകിയ കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേയ്ക്ക് മാറ്റി.
ചിത്രം എത്രയും വേഗം തീയറ്ററുകളിൽ എത്തിക്കുക എന്നതാണ് നിർമാതാക്കളുടെ മുന്നിലുള്ളത്. ഇതിന്റെ ഭാഗമായാണ് സെൻസർ ബോർഡ് മുന്നോട്ടുവെച്ച നിർദേശങ്ങൾ അംഗീകരിക്കാമെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചത്. സിനിമയിൽ ജാനകി എന്ന് ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങളിൽ മാറ്റമുണ്ടാകില്ല. കേന്ദ്ര കഥാപാത്രമായ ജാനകിയെ വിചാരണ ചെയ്യുന്ന രംഗങ്ങളിൽ പേര് മ്യൂട്ട് ചെയ്യുകയായിരിക്കും ചെയ്യുക.
സെൻസർ ബോർഡ് രാവിലെയാണ് ഇതുമായി ബന്ധപ്പെട്ട പ്രൊപ്പോൽ മുന്നോട്ടുവെച്ചതെന്ന് നിർമാതാക്കൾക്ക് വേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാൻ പറഞ്ഞു. ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരൻ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം എന്നാണ് സെൻസർ ബോർഡ് നിർദേശിച്ചതെന്നും ഹാരിസ് ബീരാൻ പറഞ്ഞു. ജാനകിയുടെ പേര് ഉപയോഗിക്കുന്ന കോടതി രംഗത്തിലെ ഒരു സംഭാഷണം മാറ്റുകയോ മ്യൂട്ട് ചെയ്യുകയോ വേണമെന്നും സെൻസർ ബോർഡ് നിർദേശിച്ചിരുന്നു.
കേസ് കോടതി പരിഗണിച്ചപ്പോൾ ടൈറ്റിൽ മാറ്റുന്നതുകൊണ്ടുള്ള ബുദ്ധിമുട്ട് നിർമാതാക്കൾ കോടതിയെ അറിയിച്ചു. ജാനകി എന്ന് പേര് ഉപയോഗിക്കുന്ന 96ഓളം ഭാഗങ്ങളിലും കട്ട് വേണ്ടിവരുമെന്നും നിർമാതാക്കൾ അറിയിച്ചു. എന്നാൽ ടൈറ്റിലിൽ വി എന്ന് ചേർത്താൽ മതിയാകുമെന്നാണ് സെൻസർ ബോർഡ് വ്യക്തമാക്കിയത്. കോടതി രംഗങ്ങളിൽ പേര് ഉപയോഗിക്കുന്ന ഭാഗം മ്യൂട്ട് ചെയ്താൽ മതിയാകുമെന്നും സെൻസർ ബോർഡ് അംഗങ്ങൾ പറഞ്ഞതായും ഹാരിസ് ബീരാൻ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പേര് മാറ്റാം എന്നകാര്യം നിർമാതാക്കൾ കോടതിയെ അറിയിച്ചത്. എഡിറ്റ് ചെയ്ത സിനിമ എത്രയും വേഗം സെൻസർ ബോർഡിന് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രം 'ജാനകി' എന്ന പേരിലാണ് കുടുങ്ങിയത്. പീഡനത്തിരയായി ഗർഭിണിയായ യുവതിയെയാണ് അനുപമ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിന് ജാനകി എന്ന പേര് നൽകിയതാണ് വിവാദമായത്. ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി സെൻസർ ബോർഡ് രംഗത്തെത്തി. എന്നാൽ പേര് മാറ്റാൻ കഴിയില്ലെന്നായിരുന്നു നിർമാതാക്കൾ ആദ്യം കോടതിയെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും നിർമാതാക്കൾ കോടതിയെ അറിയിച്ചു. ഇതോടെ ചിത്രം കാണാനുള്ള തീരുമാനത്തിലേക്ക് ഹൈക്കോടതി ജഡ്ജി എൻ നഗരേഷും എത്തിയിരുന്നു. എന്നാൽ ഇതിന് ശേഷവും സെൻസർ ബോർഡ് പേരിലെ മാറ്റം ആവശ്യപ്പെടുകയായിരുന്നു.
Content Highlights: Murali Gopy's new post about censorship comes among JSK movie controversy