പ്രചോദനം ഉൾക്കൊള്ളുന്നതൊക്കെ കൊള്ളാം, പക്ഷെ ക്രെഡിറ്റ് കൂടി കൊടുക്കണം; പ്രാഡയോട് ഇന്ത്യൻ ഡിസൈനേഴ്‌സ്

ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ സുനില്‍ സേത്തിയുടെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

dot image

ആഗോള ഫാഷന്‍ രംഗത്തിപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം കോലാപുരി ചെരുപ്പുകളാണ്. മിലാനില്‍ നടന്ന 2025 ലെ സ്പ്രിംഗ് സമ്മര്‍ പുരുഷന്മാരുടെ വസ്ത്ര ശേഖരത്തില്‍ കോലപുരിയോട് സാമ്യമുള്ള ചെരുപ്പുകള്‍ പ്രാഡ അവതരിപ്പിച്ചതോടെയാണ് വിവാദം തുടങ്ങിയത്. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ സുനില്‍ സേത്തി.

ഈയിടെ മറ്റ് പല രാജ്യങ്ങളും ഇന്ത്യന്‍ കരകൗശല വസ്തുക്കളില്‍ നിന്നും, സംസ്‌കാരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നുണ്ട്. അത് ഇനിയും തുടരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, പക്ഷേ അതിന് അര്‍ഹിക്കുന്ന അംഗീകാരം ഇന്ത്യയ്ക്ക് നല്‍കണമെന്ന് സുനില്‍ സേത്തി പറയുന്നു. എന്നാല്‍ ഒരുതരത്തില്‍ ഈ വിവാദം ഇന്ത്യയിലേക്കും കോലാപുരികളിലേക്കും കൂടുതല്‍ ശ്രദ്ധ ആകര്‍ഷിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ടുഡേയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഫാഷന്‍ ഷോയില്‍ ഇന്ത്യയിലെ പരമ്പരാഗത കോലാപുരി ചെരുപ്പുകളുടെ അതേ മാതൃകയിലായിരുന്നു പ്രാഡയുടെ ചെരുപ്പുകള്‍. എന്നാല്‍, പാദരക്ഷകളുടെ ഇന്ത്യന്‍ ബന്ധത്തെക്കുറിച്ച് ബ്രാന്‍ഡ് പരാമര്‍ശിച്ചില്ല. വെറും 'ലെതര്‍ ചെരിപ്പുകള്‍' മാത്രമായാണ് അവതരിപ്പിച്ചത്, ഇതാണ് വ്യാപക വിമര്‍ശനമുണ്ടാക്കിയത്. തുടര്‍ന്ന് മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും പരമ്പരാഗത ഇന്ത്യന്‍ പാദരക്ഷകളില്‍ നിന്ന് തങ്ങള്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് ചെരുപ്പുകള്‍ ഡിസൈന്‍ ചെയ്തതെന്ന് പ്രാഡ സമ്മതിച്ചു.

മഹാരാഷ്ട്ര ചേംബര്‍ ഓഫ് കൊമേഴ്സ്, ഇന്‍ഡസ്ട്രി ആന്‍ഡ് അഗ്രികള്‍ച്ചര്‍ (MACCIA) എന്നിവയുടെ ഔദ്യോഗികമായ നീക്കത്തിന് ശേഷമാണ് ഒടുവില്‍ പ്രാഡ ഇത്തരത്തില്‍ തുറന്നുസമ്മതിക്കാന്‍ തയ്യാറായതെന്നാണ് സുനില്‍ സേത്തി ചൂണ്ടിക്കാണിക്കുന്നത്

അതേസമയം, ജൂലൈ 11 ന് MACCIA ഭാരവാഹികളുമായും കരകൗശല വിദഗ്ധരുമായും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രാഡ ഒരു കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. കോലാപുരി ചപ്പല്‍ ആഗോള വിപണിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് പ്രാഡ നടത്തുന്നതെന്നാണ് വിവരം.

Content Highlights: FDCI responds to Prada - Kolapuri controersy

dot image
To advertise here,contact us
dot image