
സംഗീത ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഗായികമാരിലൊരാളാണ് ശ്രേയ ഘോഷാല്‍. ശബ്ദ മാധുര്യവും ഈണവും കൊണ്ട് ഒരുപാട് ആരാധകരെ സൃഷ്ടിച്ച ഘോഷാൽ ഇപ്പോൾ തന്റെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകനെ കണ്ടെത്തിയിരിക്കുകയാണ്.
ഗർഭിണിയായ ഒരു ആരാധികയ്ക്ക് മുന്നിൽ തന്റെ പ്രശസ്തമായ പിയു ബോലെ ഗാനം ആലപിക്കുന്ന ഗായികയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. നിറവയറിനോട് ചേര്‍ന്നുനിന്നുകൊണ്ട് കുഞ്ഞിന് വേണ്ടിയാണ് ശ്രേയ ഗാനം ആലപിക്കുന്നത്. മധുര ശബ്ദത്തിൽ ശ്രേയ പാടുന്നതിനിടയിൽ കുഞ്ഞ് ഗർഭപാത്രത്തിനുള്ളിൽ വെച്ച് അനങ്ങുന്നതും ശ്രേയ അതുകേട്ട് ആശ്ചര്യപെടുന്നതും കാണാം.
ആംസ്റ്റർഡാമിലാണ് ഈ ഹൃദയസ്പർശിയായ സംഭവം നടന്നത്. തന്റെ ഓൾ ഹാർട്ട്സ് ടൂറിന്റെ ഭാഗമായാണ് ശ്രേയ ആംസ്റ്റർഡാമിൽ എത്തുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ശ്രേയയെ അഭിനന്ദിച്ച് നിരവധി പേരെത്തി. പിറക്കാൻ പോകുന്ന കുഞ്ഞ് ഭാഗ്യം ചെയ്തൊരാളാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്
പതിനാറാം വയസ്സിലാണ് ശ്രേയ ഘോഷാൽ തന്റെ സംഗീത യാത്ര ആരംഭിക്കുന്നത്. 1995 ൽ കുട്ടികൾക്കായുള്ള ഗാന മത്സരമായ സരിഗാമയിലൂടെ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. ഏഴ് വർഷത്തിന് ശേഷം, സഞ്ജയ് ലീല ബൻസാലിയുടെ ദേവദാസ് എന്ന ചിത്രത്തിലൂടെ അവർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. നിലവിൽ 20 ലധികം ഇന്ത്യൻ ഭാഷകളിലായി 2,000 ത്തിലധികം ഗാനങ്ങൾ ആലപിച്ച ഗായികയാണ് ശ്രേയ.
Content Highlights: Shreya Ghoshal Sings ‘Piyu Bole’ To Pregnant Woman’s Baby Bump,