പണി പാളിയല്ലോ!, ക്രിസ്റ്റഫർ നോളൻ ചിത്രം 'ദി ഒഡീസി'യുടെ ആദ്യ ടീസർ ലീക്കായി; ഒറിജിനൽ വേഗം ഇറക്കൂ എന്ന് ആരാധകർ

ടോം ഹോളണ്ട് അവതരിപ്പിക്കുന്ന ടെലിമാക്കസ് എന്ന കഥാപാത്രത്തെയാണ് ഈ ടീസറിലൂടെ അവതരിപ്പിക്കുന്നത്

dot image

തന്‍റെ ഓരോ സിനിമയിലൂടെയും കാഴ്ചക്കാരെ ഞെട്ടിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. ഓരോ നോളൻ സിനിമയ്ക്കും വലിയ ആരാധകരാണുള്ളത്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ഓരോ സിനിമയ്ക്കായും കാത്തിരിക്കുന്നവർ ഏറെയാണ്. 'ഓപ്പൺഹൈമർ' എന്ന ചിത്രത്തിന് ശേഷം ക്രിസ്റ്റഫർ നോളൻ ഒരുക്കുന്ന 'ദി ഒഡീസി' എന്ന സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ടീസർ ലീക്ക് ആയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ഒരു മിനിറ്റ് 19 സെക്കൻഡ് നീളമുള്ള ടീസറാണ് ഇപ്പോൾ ലീക്കായിരിക്കുന്നത്. ടീസറിന്റെ എച്ച്ഡി വേർഷനുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്‌. ഹോളിവുഡ് ചിത്രം ജുറാസിക് വേൾഡ് റീബെർത്തിനൊപ്പം വിദേശ രാജ്യത്തെ തിയേറ്ററുകളിൽ ഒഡീസിയുടെ ടീസർ പ്രദർശിപ്പിച്ചിരുന്നു. ഇതാണ് ടീസർ ലീക്ക് ആകാനുള്ള കാരണമെന്നാണ് പലരും ട്വിറ്ററിൽ കുറിക്കുന്നത്. ടീസറിന്റെ ഒറിജിനൽ പതിപ്പ് ഉടൻ അണിയറപ്രവർത്തകർ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. ടോം ഹോളണ്ട് അവതരിപ്പിക്കുന്ന ടെലിമാക്കസ് എന്ന കഥാപാത്രത്തെയാണ് ഈ ടീസറിലൂടെ അവതരിപ്പിക്കുന്നത്.

ഗ്രീക്ക് മഹാകവി ഹോമറിന്‍റെ ഇതിഹാസ കാവ്യമായ ദി ഒഡീസിയെ അടിസ്ഥാനമാക്കിയാണ് നോളൻ ദി ഒഡീസി ഒരുക്കുന്നത്. യൂണിവേഴ്സൽ പിക്ചേഴ്സ് ആണ് സിനിമ നിർമിക്കുന്നത്. പൂർണ്ണമായും ഐമാക്സ് ഫിലിം ക്യാമറകൾ ഉപയോഗിച്ചാണ് ഈ സിനിമ ചിത്രീകരിച്ചത്. 2026 ജൂലൈ 17 നാണ് ഈ സിനിമ പുറത്തിറങ്ങുന്നത്. 24 പുസ്തകങ്ങളായി തിരിച്ചിരിക്കുന്ന മഹാകാവ്യമാണ് ഒഡീസി. ട്രോജൻ യുദ്ധത്തിന് ശേഷം ഗ്രീസിന്‍റെ നിര്‍ണ്ണായക വിജയം ഉറപ്പാക്കിയ ഇത്താക്കയിലെ രാജാവായ ഒഡീസിയസിന്‍റെ അപകടകരമായ മടക്കയാത്രയാണ് ഈ ഇതിഹാസത്തില്‍ പറയുന്നത്.

ലോക സിനിമയില്‍ നിരവധി തവണ സിനിമകളും സീരിസുകളുമായി ദി ഒഡീസി എത്തിയിട്ടുണ്ട്. യൂണിവേഴ്സല്‍ പിക്ചേര്‍സുമായി ചേര്‍ന്ന് നോളന്‍റെ രണ്ടാമത്തെ ചിത്രം ആയിരിക്കും ദി ഒഡീസി. 'ഓപ്പൺഹൈമർ' എന്ന ചിത്രമാണ് ഈ കൂട്ടുകെട്ടില്‍ ആദ്യം പിറന്നത്. ആറ്റം ബോംബിന്‍റെ പിതാവ് എന്ന് അറിയിപ്പെടുന്ന ഓപ്പൺഹൈമറിന്‍റെ ജീവിതം അവതരിപ്പിച്ച ചലച്ചിത്രം വന്‍ ബോക്സോഫീസ് വിജയം നേടിയിരുന്നു. ഒപ്പം തന്നെ നോളന് സംവിധാനത്തിനുള്ള ആദ്യ ഓസ്‌കർ പുരസ്കാരവും നേടികൊടുത്തിരുന്നു.

Content Highlights: Christopher Nolan film The Odessey teaser leaked

dot image
To advertise here,contact us
dot image