നിവിൻ-അജു കോമ്പോയിലെ ടോപ് 3 പടങ്ങളിൽ 'സർവ്വം മായ'യും ഉണ്ടാകും, അവരുടെ സീനൊക്കെ രസകരമാണ്: അഖിൽ സത്യൻ

'ഇവർ രണ്ട് പേരും ഈ പതിനഞ്ച് വർഷം കൊണ്ട് അഭിനേതാക്കൾ എന്ന തരത്തിൽ ഒരുപാട് വളർന്നിട്ടുണ്ട്'

dot image

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് നിവിൻ പോളി ആണ്. ഹൊറർ കോമഡി ഴോണറിൽ ഒരുങ്ങുന്ന സിനിമയുടെ ടൈറ്റിൽ 'സർവ്വം മായ' എന്നാണ്. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഒരിടവേളയ്ക്ക് ശേഷം അജു വർഗീസ്-നിവിൻ പോളി കോമ്പോ ഒരുമിക്കുന്ന സിനിമയാണ് സർവ്വം മായ. സിനിമയിൽ ഇവരുടെ കോമ്പിനേഷൻ വളരെ രസകരമായിട്ടാണ് വന്നിട്ടുള്ളതെന്ന് അഖിൽ സത്യൻ റിപ്പോർട്ടറിനോട് മനസുതുറന്നു.

അജു-നിവിൻ കോമ്പോയിൽ പുറത്തിറങ്ങിയ ടോപ് 3 സിനിമകളിൽ 'സർവ്വം മായ'യും ഉണ്ടാകുമെന്നും അഖിൽ സത്യൻ പറഞ്ഞു. 'നിവിൻ ആണ് അജുവിനെ ഈ സിനിമയിലേക്ക് സജസ്റ്റ് ചെയ്യുന്നത്. അജു വന്നുകഴിഞ്ഞപ്പോൾ ഈ സിനിമയ്ക്ക് ഉണ്ടായ മാറ്റം ഭയങ്കരമാണ്. അജുവിന് നിവിൻ കൊടുക്കുന്ന സ്‌പേസിനെക്കുറിച്ച് പറയാതെ വയ്യ. അജു വർഗീസ് - നിവിൻ പോളി കോമ്പോയിൽ പുറത്തിറങ്ങിയ ടോപ് 3 സിനിമകളിൽ 'സർവ്വം മായ' ഉണ്ടാകും. കാരണം അത്രയും നല്ല കോമ്പിനേഷൻ ആണ് അവർ ഈ സിനിമയിൽ. ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ അത് ഒരുപാട് എൻജോയ് ചെയ്യുന്നുണ്ട്.'

'ഇവർ രണ്ട് പേരും ഈ പതിനഞ്ച് വർഷം കൊണ്ട് അഭിനേതാക്കൾ എന്ന തരത്തിൽ ഒരുപാട് വളർന്നിട്ടുണ്ട്. അഭിനയം എന്ന ക്രാഫ്റ്റ് പഠിച്ചിട്ട് അതിൽ അവരുടെ തരത്തിലുള്ള ഹ്യൂമർ വരുമ്പോൾ വേറെ ലെവൽ ഔട്ട്പുട്ട് വരും. ഞാൻ പ്രതീക്ഷിച്ച അജു-നിവിൻ കോമ്പോയെ അല്ല ഈ സിനിമയിൽ ഉള്ളത്. അതിനേക്കാൾ വേറെ തലത്തിലാണ് സിനിമയിൽ വന്നിട്ടുള്ളത്. ഈ രണ്ട് പേരെയും അങ്ങനെ തന്നെ കാണിക്കാൻ പറ്റും എന്നുള്ളതാണ് എന്റെ എക്സൈറ്റ്മെൻ്റ്. പ്രേതവും അജുവും നിവിനും ഒക്കെ ചേർന്നുള്ള സീനൊക്കെ എനിക്ക് വളരെ രസകരമായിട്ടാണ് തോന്നിയത്', അഖിൽ സത്യൻ റിപ്പോർട്ടറിനോട് പറഞ്ഞു.

2025 ക്രിസ്‌മസിനാണ് ചിത്രം റിലീസിനെത്തുന്നത്. സിനിമയുടെ രചനയും എഡിറ്റിങ്ങും അഖിൽ തന്നെയാണ് നിർവഹിക്കുന്നത്. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാറും രാജീവ് മേനോനും ചേർന്നാണ് നിർമാണം. ശരൺ വേലായുധനാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. ജസ്റ്റിൻ പ്രഭാകറാണ് സിനിമയ്ക്ക് സംഗീതം നിർവഹിക്കുന്നത്. പ്രൊഡക്‌ഷൻ ഡിസൈനർ രാജീവൻ, കോസ്റ്റ്യൂംസ് സമീറ സനീഷ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബിജു തോമസ്. ജനാർദ്ദനൻ, പ്രീതി മുകുന്ദൻ, അൽത്താഫ് സലിം എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്.

Content Highlights: Aju varghese-Nivin Pauly combo will surprise in sarvam Maya says Akhil Sathyan

dot image
To advertise here,contact us
dot image