
കുബേര, ഹാപ്പി ഡേയ്സ്, ഫിദാ തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകനാണ് ശേഖർ കമ്മുല. സംവിധായകന്റേതായി അവസാനമിറങ്ങിയ കുബേര ബോക്സ് ഓഫീസിൽ ഹിറ്റിലേക്ക് കുതിക്കുകയാണ്. ഇപ്പോഴിതാ തെലുങ്ക് താരം വിജയ് ദേവരകൊണ്ടയെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. ഒരു സിനിമ പാരമ്പര്യവുമില്ലാതെ ഇൻഡസ്ട്രിയിൽ എത്തിയ ആളാണ് വിജയ് എന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ സിനിമകൾ ഹിറ്റാകണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ഒരു അഭിമുഖത്തിൽ ശേഖർ കമ്മുല പറഞ്ഞു.
'വിജയ് ദേവരകൊണ്ടയുടെ സിനിമകൾ വലിയ ഹിറ്റാകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഒരുപാട് പൊട്ടൻഷ്യൽ ഉള്ള അഭിനേതാവാണ് അയാൾ. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ആദ്യ സിനിമയിൽ നിന്ന് ഇന്നത്തെ നിലയിൽ അദ്ദേഹം എങ്ങനെയാണ് എത്തിയതെന്ന് എനിക്കറിയാം. അത് തുടരണമെന്നാണ് എന്റെ ആഗ്രഹം. ഒരു സിനിമ പാരമ്പര്യവുമില്ലാതെയാണ് അദ്ദേഹം ഈ നിലയിൽ എത്തിയത് അതുകൊണ്ട് തന്നെ വിജയ്യുടെ സിനിമകൾ ഹിറ്റാകണം', ശേഖർ കമ്മുല പറഞ്ഞു.
ജേഴ്സി എന്ന സിനിമയ്ക്ക് ശേഷം ഗൗതം തന്നൂരി ഒരുക്കുന്ന കിങ്ഡം ആണ് ഇനി പുറത്തിറങ്ങാനുള്ള വിജയ് ചിത്രം. നടന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമകൾ എല്ലാം ബോക്സ് ഓഫീസിൽ വലിയ പരാജയം നേരിട്ടിരുന്നു. അതുകൊണ്ട് തന്നെ ഈ സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷയാണുള്ളത്. ചിത്രം ജൂലൈയിൽ തിയേറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷ. വമ്പൻ കാൻവാസിൽ ഒരു ആക്ഷൻ ചിത്രമാണ് കിങ്ഡം.
സിനിമയ്ക്കായി നടൻ നടത്തിയ കടുത്ത പരിശീലനങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 'ഐസ് ബാത്ത്' അടക്കമുള്ള പരിശീലനമാണ് വിജയ് സിനിമയ്ക്കായി ചെയ്തത്. വിജയ് ദേവരകൊണ്ട, ഭാഗ്യശ്രീ ബോർസ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം. സിത്താര എന്റര്‍ടെയ്മെന്റും ഫോര്‍ച്യൂണ്‍ 4 ഉം ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് തിയേറ്ററുകളിലെത്തുക.
Content Highlights: Sekhar Kammula talks about Actor Vijay Deverakonda