'എൻ നെഞ്ചിൽ കുടിയിരിക്കും', കൊല സ്വാഗിൽ ദളപതി, പതിവ് തെറ്റിക്കാതെ അനിരുദ്ധ്; 'ജനനായകൻ' ടീസർ എത്തി

ചിത്രത്തിൽ വിജയ് പൊലീസ് ഓഫീസർ ആയിട്ടാണ് എത്തുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്

dot image

ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കൊമേർഷ്യൽ എന്റർടൈനർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം തന്നെ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ടീസർ വിജയ്‌യുടെ പിറന്നാൾ പ്രമാണിച്ച് അണിയറപ്രവർത്തകർ പുറത്തുവിട്ടു.

ചിത്രത്തിൽ വിജയ് പൊലീസ് ഓഫീസർ ആയിട്ടാണ് എത്തുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. കയ്യിൽ ഒരു വാളുമായി പൊലീസ് വേഷത്തിൽ വില്ലന്മാരുടെ മുന്നിലേക്ക് നടന്നുവരുന്ന വിജയ്‌യെ ആണ് ടീസറിൽ കാണാനാകുന്നത്. ഒരു പക്കാ മാസ്സ് പടമായിരിക്കും ജനനായകൻ എന്ന സൂചനയും ടീസർ നൽകുന്നുണ്ട്. 'എൻ നെഞ്ചിൽ കുടിയിരിക്കും' എന്ന വിജയ്‌യുടെ ഹിറ്റ് ഡയലോഗോടെയാണ് ടീസർ ആരംഭിക്കുന്നത്. വിജയ്‌യുടെ അവസാന ചിത്രമായതിനാൽ വലിയ പ്രതീക്ഷകളോടെയാണ് സിനിമാപ്രേമികൾ ജനനായകൻ ടീസറിനായി കാത്തിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സ്റ്റില്ലുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്.

ഈ ചിത്രം തെലുങ്കിൽ സൂപ്പർഹിറ്റായ നന്ദമുരി ബാലകൃഷ്ണ ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്ക് ആണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. പിന്നാലെ അണിയറപ്രവർത്തകർ ഇത് നിഷേധിക്കുകയും ചെയ്തു. എന്നാൽ ഭഗവന്ത് കേസരിയിലെ ഒരു രംഗം ജനനായകനിൽ റീമേക്ക് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2026 ജനുവരി 9 ആണ് 'ജനനായകൻ' തിയേറ്ററിൽ എത്തുന്നത്. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.

Content Highlights: Vijay film Jananayagan first glimpse out now

dot image
To advertise here,contact us
dot image