
'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ', 'ഇബ്‌ലീസ്', 'കള' എന്നീ സിനിമകൾക്ക് ശേഷം രോഹിത്ത് വിഎസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ടിക്കി ടാക്ക'. ആസിഫ് അലി നായകനായി എത്തുന്ന ചിത്രം വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. ആസിഫ് അലി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ എഴുത്തുകാരിൽ ഒരാളായ നിയോഗ് കൃഷ്ണ പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്.
ചിത്രത്തിൽ നസ്‌ലെൻ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 'ഗാറ്റ്സ്ബി മീറ്റ്‌സ് ഡെൻവർ' എന്ന ക്യാപ്ഷനൊപ്പം നസ്‌ലെൻ്റെ ചിത്രവും പങ്കുവെച്ചുകൊണ്ടാണ് നിയോഗ് നടനെക്കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചത്. ചിത്രത്തിൽ നസ്‌ലെൻ്റെ കഥാപാത്രത്തിന്റെ പേര് ഗാറ്റ്സ്ബി എന്നാണെന്നാണ് സൂചന. ജോണ്‍ ഡെന്‍വര്‍ എന്നാണ് ആസിഫ് അലിയുടെ കഥാപാത്രത്തിന്‍റെ പേര്.
നസ്‌ലെനെ നായകനാക്കി പുറത്തിറങ്ങിയ പ്രേമലുവിന്റെ രണ്ടാം ഭാഗം അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അഭിമുഖങ്ങളിൽ ചിത്രം വൈകുമെന്ന് സിനിമയുടെ നിർമാതാവായ ദിലീഷ് പോത്തൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നസ്‌ലെനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. നസ്‌ലെന് തിരക്കഥ ഇഷ്ടമായില്ലെന്നും ചിത്രത്തിൽ നിന്ന് നടൻ പിന്മാറിയെന്നും വരെ റിപ്പോർട്ടുകൾ വന്നിരുന്നു. നസ്‌ലെന്‍ കാരണമാണ് സിനിമ വെെകുന്നതെന്നും പറഞ്ഞ് നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിന് പിന്നാലെ വരാന്‍ തുടങ്ങി.
അതോടൊപ്പം ടിക്കി ടാക്കയിൽ നസ്‌ലെൻ ആസിഫ് അലിയേക്കാൾ പ്രതിഫലം ആവശ്യപ്പെട്ടെന്നും ഇത് മൂലം നടനെ സിനിമയിൽ നിന്ന് പുറത്താക്കിയെന്നും സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയർന്നിരുന്നു. ഇത് നസ്‌ലെന് എതിരെയുള്ള ക്യാംപെയ്ന്‍ സ്വാഭാവത്തിലേക്കും നീങ്ങിയിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ഇപ്പോൾ നിയോഗിന്റെ പോസ്റ്റ്. 'ഹേറ്റേഴ്‌സ് ഗോണ ഹേറ്റ്' എന്ന ഹാഷ്ടാഗും നിയോഗ് പോസ്റ്റിൽ ഉൾപ്പടുത്തിയിട്ടുണ്ട്.
ഒരു പക്കാ മാസ് ആക്ഷൻ പടമായിരിക്കും ടിക്കി ടാക്ക എന്ന സൂചനയാണ് നേരത്തെ പുറത്തുവന്ന ടീസർ നൽകിയത്. പ്രേക്ഷകർക്ക് നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ് നൽകണമെന്ന ഉദ്ദേശത്തോടെ ഒരുക്കുന്ന സിനിമയാണ് ടിക്കി ടാക്കയെന്നും തന്റെ കെജിഎഫ് എന്ന് വിശ്വസിക്കുന്ന ചിത്രമാണ് അതെന്നുമാണ് ടിക്കി ടാക്കയെക്കുറിച്ച് ആസിഫ് അലി ഒരു അഭിമുഖത്തിൽ പറഞ്ഞത്.
ഹരിശ്രീ അശോകൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമിക്കുന്നത്. നിയോഗ് കൃഷ്ണ, ഫിറോസ് നജീബ്, യദു പുഷ്പാകരൻ എന്നിവർ ചേർന്നാണ് സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്.
ആലപ്പുഴ ജിംഖാന ആണ് അവസാനമായി പുറത്തിറങ്ങിയ നസ്‌ലെൻ്റെ ചിത്രം. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഗണപതി, ലുക്മാൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ സിനിമ ഇപ്പോൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
Content Highlights: Naslen is a part of Tiki Taka confirms writer