
തിയേറ്ററിൽ ഇപ്പോൾ റീ റിലീസുകളുടെ കാലമാണ്. പഴയ സിനിമകകൾ വലിയ വരവേൽപ്പോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈ ആണ് ഈ ലിസ്റ്റിലെ പുതിയ എൻട്രി. വലിയ സ്വീകരണമാണ് ഛോട്ടാ മുംബൈയ്ക്ക് തിയേറ്ററുകളിൽ ലഭിക്കുന്നത്. തിയേറ്ററുകളിൽ ആഘോഷങ്ങളുടെ വിഡിയോകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇപ്പോഴിതാ ഛോട്ടാ മുംബൈക്ക് ശേഷം രണ്ട് മോഹൻലാൽ സിനിമകൾ കൂടി റീ റിലീസിന് ഒരുങ്ങുകയാണ്.
വടക്കുംനാഥൻ, ഉദയനാണ് താരം എന്നീ സിനിമകൾ ആണ് മോഹൻലാലിന്റേതായി ഇനി റീ റിലീസിനൊരുങ്ങുന്നത്. ഇതിൽ ഉദയനാണ് താരം ജൂലൈയിൽ തിയേറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ട്. വടക്കുംനാഥന്റെ റിലീസ് ഡേറ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ 4K ഡോൾബി അറ്റ്മോസിലാണ് ഇരു സിനിമകളും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഛോട്ടാ മുംബൈ പോലെ ഈ ചിത്രങ്ങൾക്കും തിയേറ്ററിൽ വലിയ നേട്ടമുണ്ടാക്കാനാകും എന്നാണ് പ്രതീക്ഷ.
ഏറ്റവും മനോഹരമായി സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു റോഷൻ ആൻഡ്രൂസ്- മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ 'ഉദയനാണ് താരം'. മോഹൻലാലിനൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ സിനിമ മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമയായിട്ടാണ് കണക്കാക്കപ്പെടുന്നത്. മീന, മുകേഷ്, ജഗതി ശ്രീകുമാർ, ഇന്ദ്രൻസ്, സലിം കുമാർ എന്നിവരായിരുന്നു സിനിമയിലെ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ശ്രീനിവാസനായിരുന്നു സിനിമക്കായി കഥയും തിരക്കഥയും ഒരുക്കിയത്. ചിത്രത്തിലെ കോമഡി രംഗങ്ങളും പാട്ടുകളും ഇന്നും ജനപ്രീയമാണ്.
Mohanlal's Next Re Releases In Queue#UdhayananuTharam #Vadakkumnadhan @Mohanlal #RoshanAndrrews #ShajoonKariyal pic.twitter.com/vtPyTmKnF0
— Southwood (@Southwoodoffl) June 11, 2025
ഗിരീഷ് പുത്തഞ്ചേരിയുടെ രചനയിൽ ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത ചിത്രമാണ് വടക്കുംനാഥൻ. പത്മപ്രിയ, കാവ്യ മാധവൻ, ബിജു മേനോൻ, മുരളി തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. രവീന്ദ്രൻ ഈണം നൽകിയ സിനിമയിലെ ഗാനങ്ങൾ എല്ലാം ഇന്നും ഹിറ്റുകളാണ്. 100 ദിവസത്തിലധികം തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിച്ചിരുന്നു.
Content Highlights: Vadakkumnadhan and Udayananu Thaaram two Mohanlal Movies Ready to rerelease after Chottamumbai