
രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്‌ഡി വാങ്ക സംവിധാനം ചെയ്ത ആക്ഷൻ ചിത്രമായിരുന്നു അനിമൽ. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ സ്വന്തമാക്കിയ ചിത്രം ബോക്സ് ഓഫീസിൽ നിന്നും വാരിക്കൂട്ടിയത് 900 കോടിയാണ്. ചിത്രത്തിലെ രൺബീറിന്റെ ലുക്ക് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിലെ രൺബീറിന്റെ നീളന്‍ മുടിയും താടിയുമുള്ള ലുക്ക് ആദ്യം സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്കയ്ക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല എന്ന് മനസുതുറക്കുകയാണ് ചിത്രത്തിലെ ഹെയർസ്റ്റൈലിസ്റ്റ് ആയ ആലിം ഹക്കീം.
'അനിമലിൽ രൺബീറിൻ്റെ മുടിയും താടിയും നീണ്ടില്ലായിരുന്നുവെങ്കിൽ, അദ്ദേഹത്തിൻ്റെ കഥാപാത്രത്തിന് ഇതേ ഇമ്പാക്റ്റ് ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ലുക്ക് സെറ്റ് ചെയ്യാന്‍
സമയമെടുത്തിരുന്നു. തുടക്കത്തിൽ വാങ്ക സർ പറഞ്ഞത് നീളമുള്ള മുടി രൺബീറിന് യോജിക്കില്ല എന്നായിരുന്നു. രൺബീറിനെ കാണാൻ മുൻ സിനിമയായ സഞ്ജുവിലെ സഞ്ജയ് ദത്ത് കഥാപാത്രത്തെ പോലെ ഉണ്ടെന്നും വാങ്ക സാര്‍ പറഞ്ഞു. മൊത്തം ലുക്കും ചേര്‍ത്തുകഴിഞ്ഞാല്‍ അങ്ങനെ ആകില്ലെന്നും, രണ്‍ബീറിനെ വ്യത്യസ്തതയോടെ തന്നെ കാണാനാകുമെന്നും വാങ്ക സാറിനെ ബോധ്യപ്പെടുത്താന്‍ ഏറെ കഷ്ടപ്പെട്ടു," ആലിം ഹക്കീം പറഞ്ഞു.
രൺബീർ കപൂറിന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമായിരുന്നു അനിമൽ. നൂറ് കോടി ബഡ്ജറ്റിലൊരുങ്ങിയ ചിത്രം ഏകദേശം 915.53 കോടിയോളം രൂപയാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ചിത്രത്തിൽ അനിൽ കപൂർ, രശ്മിക മന്ദാന, ശക്തി കപൂർ, തൃപ്തി ഡിമ്രി, ബോബി ഡിയോൾ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രത്തിലെ രൺബീർ കപൂറിന്റെയും ബോബി ഡിയോളിന്റെയും തൃപ്തിയുടെയും കഥാപാത്രങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതേസമയം, സിനിമയിലെ ആല്‍ഫാ മെയില്‍ ആഘോഷത്തിനെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
Content Highlights: Animal hairstylist talks about Ranbir's look in the film