
ബോക്സ് ഓഫീസില്‍ മികച്ച പ്രകടനവുമായി മുന്നോട്ടു പോവുകയാണ് തുടരും. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സിനിമയ്ക്ക് റിലീസ് ദിവസം മുതലേ പോസിറ്റീവ് പ്രതികരണമായിരുന്നു ലഭിച്ചത്. ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തിയ സിനിമ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം ത്രില്ലിങ്ങായ സ്റ്റോറി ടെല്ലിങ്ങും പ്രേക്ഷകര്‍ക്കായി സമ്മാനിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സീനിൽ മോഹൻലാലിൻ്റെ പ്രകടനത്തെക്കുറിച്ച് പറയുകയാണ് സംവിധായകൻ തരുൺ മൂർത്തി.
കൺമണി പൂവേ എന്ന പാട്ടിന്റെ അവസാനം ഒരു സീനിൽ കുടുംബമായി ഫോട്ടോ എടുക്കാൻ ഇരിക്കുമ്പോൾ മോഹൻലാൽ മകന്റെ മുടി ഒതുക്കി കൊടുക്കുന്ന ഒരു ഷോട്ട് ഉണ്ട്. ഷൂട്ടിന് മുൻപ് മുടി ഒതുക്കുന്നതിനെക്കുറിച്ച് ലാലേട്ടനോട് പറഞ്ഞിരുന്നെനും അദ്ദേഹം അത് വളരെ സിംപിൾ ആയി ചെയ്‌തെന്നും പറയുകയാണ് തരുൺ മൂർത്തി.'ആ ഷോട്ടിൽ ലാലേട്ടൻ ശോഭന ഇപ്പുറത്ത് മകന്റെ കഥാപാത്രം ഇരിക്കുന്നുണ്ട്. അപ്പോൾ ഞാൻ ലാലേട്ടനോട് പറഞ്ഞു മകന്റെ മുടി ഒന്ന് ഒതുക്കണേ എന്ന്. എല്ലാ അച്ഛന്മാരും അമ്മമാരും മക്കളുടെ മുടി മുന്നിലേക്ക് കിടക്കുമ്പോൾ മുഖം കാണുന്നില്ല എന്ന് പ്രശ്നം പറയാറുണ്ട്. അപ്പോൾ ആ ഷോട്ട് എടുക്കുമ്പോൾ അവന്റെ മുടിയൊന്ന് വകച്ച് കൊടുക്കണേയെന്ന് പറഞ്ഞിരുന്നു. ലാലേട്ടൻ വളരെ സിംപിൾ ആയി അവന്റെ മുടിയിൽ തലോടി കൊടുക്കുന്നുണ്ട്. ആ ടച്ചിൽ ഭയങ്കര അച്ഛൻ - മകൻ ഇമോഷൻ ഉണ്ട്. അത് ഒരുപാട് പേർക്ക് കണക്ട് ആകും', തരുൺ മൂർത്തി പറഞ്ഞു.
റിലീസ് ചെയ്ത് ആഴ്ചകൾ കഴിയുമ്പോൾ കേരളത്തിൽ നിന്ന് മാത്രം ചിത്രം 115 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 231.33 കോടി ഗ്രോസ് ആണ് തുടരും സ്വന്തമാക്കിയിരിക്കുന്നത്. 28 ദിവസങ്ങള്‍ക്ക് ശേഷവും ഹൗസ്ഫുള്‍ ഷോസുമായാണ് മോഹന്‍ലാല്‍ ചിത്രം മുന്നേറുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തിൽ നിന്നൊരു മേക്കിങ് വീഡിയോ തരുൺ മൂർത്തി പങ്കുവച്ചിരുന്നു. ഒരു ബാത്റൂമിന് മുന്നിലുള്ള സീൻ തരുൺ മൂർത്തി മോഹൻലാലിനും ശോഭനയ്ക്കും വിവരിച്ച് കൊടുക്കുന്നതും തുടർന്ന് ആ സീൻ ഇരുവരും അഭിനയിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്.മികച്ച അഭിപ്രായങ്ങളാണ് ഈ മേക്കിങ് വീഡിയോക്ക് താഴെ വരുന്നത്. 'കാണുമ്പോൾ അയ്യേ ഇത്രേം ഉള്ളോ ഇത് സിമ്പിൾ അല്ലേ എന്ന് തോന്നും വേറൊന്നും കൊണ്ടല്ല ചെയ്തു കാണിച്ചത് ലാലേട്ടനും ശോഭനയും ആയത് കൊണ്ടാണ്', എന്നാണ് ഒരു പ്രേക്ഷകന്റെ കമന്റ്.
Content Highlights: Tharun Moorthy talks about Mohanlal scene in Thudarum