
തെലുങ്ക് സിനിമയിലെ പ്രശസ്തമായ സിനിമാറ്റിക് യൂണിവേഴ്‌സ് ആണ് ഹിറ്റ്‌വേർസ്. ഇതുവരെ മൂന്ന് സിനിമകളാണ് ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. നാനി നായകനായി എത്തിയ ഹിറ്റ് 3 ആണ് ഈ യൂണിവേഴ്സിൽ അവസാനമായി പുറത്തിറങ്ങിയത്. ചിത്രത്തിന്റെ അവസാനം നാലാം ഭാഗത്തേക്കുള്ള നായകനെയും സംവിധായകൻ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ അതിന്റെ ഒഫീഷ്യൽ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
നടൻ കാർത്തിയാണ് നാലാം ഭാഗത്തിൽ നായകനായി എത്തുന്നത്. നടന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് പുതിയ പോസ്റ്റർ പുറത്തുവന്നു. എസിപി വീരപ്പൻ എന്നാണ് ചിത്രത്തിലെ കാർത്തിയുടെ പേര്. ഈ നാലാം ഭാഗം തമിഴിലും തെലുങ്കിലുമായിട്ടാകും ഒരുങ്ങുക. അതേസമയം, മെയ് ഒന്നിന് ആഗോള റിലീസായി എത്തിയ ഹിറ്റ് 3 പുറത്തിറങ്ങി നാല് ദിവസം കൊണ്ടാണ് ആഗോള ഗ്രോസ് കളക്ഷനിൽ 101 കോടി പിന്നിട്ടത്. ആദ്യ രണ്ട് ഭാഗങ്ങൾ ഒരുക്കിയ സൈലേഷ് കൊളാനു തന്നെയാണ് ഈ സിനിമയും തിരക്കഥയെഴുതി സംവിധാനം ചെയ്തത്. കെജിഎഫ് എന്ന സിനിമയിലൂടെ പ്രേക്ഷക പ്രിയങ്കരിയായ ശ്രീനിധി ഷെട്ടിയാണ് മൂന്നാം ഭാഗത്തിൽ നായികയായത്. ദസറ, സരിപോദാ ശനിവാരം എന്നീ സിനിമകൾക്ക് ശേഷം 100 കോടി ക്ലബിലെത്തുന്ന നാനി ചിത്രമാണ് ഹിറ്റ് 3.
ചിത്രം മെയ് 29 ന് ഒടിടിയിലെത്തും. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിൽ സിനിമ ലഭ്യമാകും. 1.10 കോടിയാണ് ഹിറ്റ് 3 കേരളത്തിൽ നിന്നും നേടിയത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, മലയാളം വേർഷനുകളാണ് കേരളത്തിൽ റിലീസിനെത്തിയത്. കേരളത്തിൽ നിന്നുള്ള നാനിയുടെ ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. ഛായാഗ്രഹണം - സാനു ജോൺ വർഗീസ്, സംഗീതം - മിക്കി ജെ മേയർ, എഡിറ്റർ - കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ - ശ്രീ നാഗേന്ദ്ര തങ്കാല, രചന - ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എസ് വെങ്കിട്ടരത്നം.
Content Highlights: Karthi Poster from Hit 4 announced