
ഓ മൈ കടവുളേ എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് അശോക് സെൽവൻ. മണിരത്‌നം സംവിധാനം ചെയ്യുന്ന കമൽ ഹാസൻ ചിത്രമായ തഗ് ലൈഫ് ആണ് ഇനി പുറത്തിറങ്ങാനുള്ള അശോക് സെൽവൻ ചിത്രം. 14 വർഷം മുൻപ് മണിരത്‌നം ചിത്രമായ കടലിൽ അഭിനയിക്കാൻ ഓഡിഷന് ചെന്നിരുന്നെന്നും എന്നാൽ അതിൽ റിജെക്ട് ആയ തനിക്ക് വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അശോക് സെൽവൻ പറഞ്ഞു. തഗ് ലൈഫിന്റെ പ്രസ് മീറ്റിലായിരുന്നു അശോക് സെൽവൻ മനസുതുറന്നത്.
'2011 ൽ മദ്രാസ് ടാക്കീസിൽ നിന്നും ഒരു അനൗൺസ്‌മെന്റ് വന്നു. കടൽ എന്നൊരു സിനിമ ചെയ്യുന്നു അതിലേക്ക് അഭിനേതാക്കളെ വേണമെന്നായിരുന്നു അത്. ഞാൻ എന്റെ ഫോട്ടോയും സിഡിയും എടുത്ത് സാറിന്റെ ഓഫീസിന് പുറത്ത് നിന്നു. രണ്ട് ദിവസം ഞാൻ അവിടെ നിന്നു. എന്റെ ഫോട്ടോസ് അവർ വന്നു വാങ്ങിക്കൊണ്ട് പോയി. പക്ഷെ എനിക്ക് സാറിനെക്കാണണം എന്നുണ്ടായിരുന്നു. അപ്പോൾ ചീഫ് അസോസിയേറ്റ് ഡയറക്റ്റർ വന്ന് ആ റോളിലേക്ക് ആളെ എടുത്തു എന്ന് പറഞ്ഞു'
'മൂന്ന് ദിവസം കഴിഞ്ഞു തമിഴ് നന്നായി അറിയാവുന്ന അസിസ്റ്റന്റ് ഡയറക്റ്ററെ വേണമെന്ന് പറഞ്ഞ പരസ്യം കണ്ട് വീണ്ടും ഞാനവിടെ ചെന്നു. അവിടെ ചെന്നപ്പോൾ അവിടത്തെ വിപി എന്നോട് ഒരു ചോദ്യം ചോദിച്ചു. എനിക്ക് അത് അറിയില്ലായിരുന്നു. അതോടെ എന്നോട് പോകാൻ പറഞ്ഞു. ആ പയ്യനെ 14 വർഷങ്ങൾക്ക് ശേഷം തന്റെ സിനിമയിൽ അഭിനയിക്കാൻ മണി സാർ വിളിച്ചു. അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കണമെന്നത് എന്റെ വലിയ സ്വപ്നമായിരുന്നു', അശോക് സെൽവൻ പറഞ്ഞു.
തഗ് ലൈഫിൽ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അശോക് സെൽവൻ എത്തുന്നത്. അതേസമയം തഗ് ലെെഫിന്‍റെ ട്രെയ്‌ലർ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച അഭിപ്രായമാണ് ട്രെയ്‌ലറിന് ലഭിച്ചത്. ട്രെയ്‌ലർ പുറത്തിറങ്ങിയതിന് പിന്നാലെ മണിരത്‌നത്തിന്റെ സംവിധാനമികവും കമൽഹാസൻ, എസ്ടിആർ എന്നിവരുടെ കിടിലൻ പെർഫോമൻസും എ ആർ റഹ്മാന്റെ സംഗീതവും രവി കെ ചന്ദ്രന്റെ ഛായാഗ്രഹണവും ഉൾപ്പെടെ എല്ലാ മേഖലകൾക്കും പ്രശംസ ലഭിക്കുന്നുണ്ട്.
യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 45 മിനിട്ടാണ് സിനിമയുടെ നീളം. തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
Content Highlights: Ashok Selvan talks about maniratnam and Thug life