'എന്റെ അളിയൻ', മോഹൻലാലിനെ വിളിച്ച് പിറന്നാൾ ആശംസകൾ നേർന്നു: കമൽഹാസൻ

'അളിയനായി പോയല്ലോ എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹത്തിന് ആശംസകളും നേർന്നു'

dot image

മലയാളത്തിന്റെ സ്വന്തം മോഹൻലാലിന്റെ 65 -ാം പിറന്നാളായിരുന്നു ഇന്നലെ. അതേ ദിനത്തിൽ തന്നെയാണ് കമൽഹാസൻ-മണിരത്‌നം ടീമിന്റെ തഗ് ലൈഫ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അണിയറപ്രവർത്തകർ കേരളത്തിലെത്തിയതും. ഈ വേളയിൽ മോഹൻലാലിനെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യവും അതിന് കമൽ നൽകിയ മറുപടിയും ശ്രദ്ധ നേടുകയാണ്.

മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തെക്കുറിച്ച് രണ്ടു വാക്ക് പറയുവാനാണ് മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടത്. പിന്നാലെ അദ്ദേഹവുമായുള്ള സൗഹൃദത്തെക്കുറിച്ച് കമൽ വാചാലനായി. 'ഞാൻ ഇങ്ങോട്ട് വരുന്നതിന് മുന്നേ അദ്ദേഹവുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തെ ഞാൻ അളിയാ എന്ന് ഏറെ സന്തോഷത്തോടെയാണ് വിളിച്ചത്. അദ്ദേഹം എന്റെ 'അളിയൻ' ആണെന്ന് അറിയില്ലായിരുന്നു. എനിക്ക് അദ്ദേഹം സഹോദരനെ പോലെയാണ്. അളിയനായി പോയല്ലോ എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹത്തിന് ആശംസകളും നേർന്നു,' എന്നായിരുന്നു കമൽഹാസന്റെ വാക്കുകൾ.

ഉന്നൈപ്പോൽ ഒരുവൻ എന്ന സിനിമയിൽ മോഹൻലാലും കമൽഹാസനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കമലിന്റെ തന്നെ തിരക്കഥയിൽ ഒരുങ്ങിയ സിനിമയിൽ കമ്മീഷണർ ഗോവിന്ദൻ മാരാർ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. 2009 ൽ പുറത്തിറങ്ങിയ സിനിമ തിയേറ്ററുകളിൽ വിജയൻ നേടിയിരുന്നു.

ഉന്നൈപ്പോൽ ഒരുവൻ പോസ്റ്റർ

അതേസമയം കമൽഹാസന്റെ പുതിയ ചിത്രമായ തഗ് ലൈഫ് ജൂൺ അഞ്ചിന് റിലീസിന് ഒരുങ്ങുകയാണ്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോർജ്, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Content Highlights: Kamal Haasan talks about Mohanlal

dot image
To advertise here,contact us
dot image