അവതാരപ്പിറവികളുടെ പുതിയ രൂപം; 'വൃഷഭ' ഫസ്റ്റ് ലുക്കും റിലീസ് തീയതിയും പുറത്തുവിട്ട് മോഹൻലാൽ

200 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം ഇമോഷണല്‍ ഡ്രാമ ഴോണറില്‍പ്പെടുന്ന ഒരച്ഛനും മകനും ഇടയിലുള്ള ബന്ധം പശ്ചാത്തലമാക്കുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

dot image

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ഫസ്റ്റ് ലുക്കും റിലീസ് തീയതിയും പുറത്തുവിട്ടു. ഒക്ടോബർ 16 ന് ചിത്രം തിയേറ്ററുകളിൽ എത്തും. മുടി നീട്ടിയ ലുക്കിൽ ഒരു യോദ്ധാവിന്റെ വേഷത്തിലാണ് മോഹൻലാൽ ഫസ്റ്റ് ലുക്കിലുള്ളത്.

'ഇത് സ്പെഷ്യൽ ആണ്. എന്റെ എല്ലാ ആരാധകർക്കും വേണ്ടി ഞാൻ ഇത് സമർപ്പിക്കുന്നു. എന്റെ ജന്മദിനത്തിൽ ഇത് റിലീസ് ചെയ്യുന്നത് അതിനെ കൂടുതൽ അർത്ഥവത്താക്കുന്നു. നിങ്ങളുടെ സ്നേഹമാണ് എപ്പോഴും എന്റെ ഏറ്റവും വലിയ ശക്തി', എന്നാണ് പോസ്റ്റർ റിലീസ് ചെയ്തുകൊണ്ട് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. നന്ദകിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ തെലുങ്ക്- മലയാളം ദ്വിഭാഷാ ചിത്രമായാണ് ഒരുങ്ങുന്നതെങ്കിലും തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില് മൊഴിമാറ്റി പ്രദർശനത്തിനെത്തും. റോഷൻ മെക, ഷനയ കപൂർ, സഹ്റ ഖാൻ, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശോഭ കപൂർ, എക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 200 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം ഇമോഷണല്‍ ഡ്രാമ ഴോണറില്‍പ്പെടുന്ന ഒരച്ഛനും മകനും ഇടയിലുള്ള ബന്ധം പശ്ചാത്തലമാക്കുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ഇമോഷന്‍സിനും വിഎഫ്എക്സിനും ഒരുപോലെ പ്രാധാന്യം ഉണ്ടാകും. ചിത്രത്തിൽ എക്സിക്യൂട്ടിവ്‌ പ്രൊഡ്യൂസർ സ്ഥാനം കൈകാര്യം ചെയ്യുന്നത് മൂൺലൈറ്റ്, ത്രീ ബിൽബോർഡ്‌സ് ഔട്ട്‌സൈഡ് എബിംഗ്, മിസോറി തുടങ്ങിയ അക്കാദമി അവാർഡ് നേടിയ സിനിമകളിൽ എക്സിക്യൂട്ടിവ്‌ പ്രൊഡ്യൂസർ ആയിരുന്ന നിക്ക് തർലോ ആണ്. സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂര്‍ പാന്‍ ഇന്ത്യന്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് വൃഷഭ.

Content Highlights: Vrushabha first look out now

dot image
To advertise here,contact us
dot image