
ജൂൺ ഒന്ന് മുതൽ ആന്ധ്രാപ്രദേശിലേയും തെലങ്കാനയിലേയും സിനിമാ തിയേറ്ററുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ തീരുമാനം. നിലവിലെ തിയേറ്റർ വാടക സംവിധാനത്തിനെതിരെയുള്ള പ്രതിഷേധമായാണ് തിയേറ്ററുകൾ അടച്ചിടുന്നത്. വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഞായറാഴ്ച ദിൽ രാജു, സുരേഷ് ബാബു തുടങ്ങിയ തെലുങ്ക് സിനിമാ നിർമ്മാതാക്കളും അറുപതോളം തിയേറ്ററുടമകളും യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് തിയേറ്ററുകൾ അടച്ചിടാനുള്ള തീരുമാനത്തിലെത്തിയത്.
പ്രവർത്തന ചെലവുകൾ, സിനിമളുടെ വേഗത്തിലുളള ഒടിടി റിലീസ് തുടങ്ങിയ വിഷയങ്ങളിലെ ആശങ്കകൾ ചർച്ചയിൽ ഉയർന്നു. നിലവിൽ ഒരു ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം കണക്കിലെടുക്കാതെ തിയേറ്ററുടമകൾ സിനിമ പ്രദർശിപ്പിക്കുന്നതിനായി ഒരു നിശ്ചിതതുക പ്രതിദിനം വാടകയായി നൽകുകയാണ് ചെയ്യുന്നത്. ഇത് സാമ്പത്തികമായ നഷ്ടത്തിന് കാരണമാകും. അതിനാൽ ടിക്കറ്റ് വിൽപ്പനയുടെ ഒരു ശതമാനം നൽകുന്ന രീതിയിലേക്ക് മാറണമെന്ന് തിയേറ്ററുടമകൾ ആവശ്യപ്പെട്ടു. അതുപോലെ സിനിമകളുടെ ഒടിടി റിലീസ് കൂടുതൽ കാലത്തേക്ക് തടഞ്ഞുവെക്കണമെന്നും തിയേറ്ററുടമകൾ അറിയിച്ചു.
ജ്യൂസ് ഒന്നിന് മുമ്പ് ഈ കാര്യങ്ങളിൽ ധാരണയിലെത്താൻ കഴിഞ്ഞില്ലെങ്കിൽ, വരാനിരിക്കുന്ന വലിയ റിലീസുകളെ ഈ നീക്കം ബാധിക്കുമെന്നാണ് വിലയിരുത്തൽ. കമൽഹാസൻ-മണിരത്‌നം ചിത്രം തഗ് ലൈഫ്, പവൻ കല്യാൺ ചിത്രം ഹരി ഹര വീര മല്ലു: ഭാഗം 1' തുടങ്ങിയവ ജൂണിൽ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മാത്രമല്ല ശേഖർ കമ്മുലയുടെ ധനുഷ്, നാഗാർജുന, രശ്മിക മന്ദാന, ജിം സർഭ് എന്നിവർ അഭിനയിച്ച 'കുബേര' ജൂൺ 20-നാണ് റിലീസ് ചെയ്യുന്നത്. വിഷ്ണു മഞ്ചു നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പയും ജൂൺ അവസാനം തിയേറ്ററുകളിൽ എത്തുന്നുണ്ട്.
Content Highlights: Telugu cinema theatres to shutdown in June