ഇവന്‍ ഇനിയും കത്തിക്കയറും, ഉറപ്പാണ്; പടക്കളത്തില്‍ ജയിച്ചു കയറി സന്ദീപ് പ്രദീപ്

തീര്‍ച്ചയായും ഇനി വരും സമയങ്ങളില്‍ മലയാള സിനിമ വേണ്ടവിധത്തില്‍ ഉപയോഗിക്കേണ്ട നടന്‍ തന്നെയാണ് സന്ദീപ്

dot image

മനു സ്വരാജ് സംവിധാനം ചെയ്ത പടക്കളം ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം വലിയ വിജയമാകുമ്പോള്‍ അതിനൊപ്പം എടുത്തു പറയേണ്ട പേരാണ് സന്ദീപ് പ്രദീപിൻ്റേത്. സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ധീന്‍ തുടങ്ങിയ അഭിനേതാക്കള്‍ ഓപ്പോസിറ്റ് നില്‍ക്കുമ്പോഴും ഒട്ടും പതര്‍ച്ചയില്ലാതെ സന്ദീപിലെ അഭിനേതാവ് മുന്നേറുന്നുണ്ട്. ഇത് ആദ്യമായിട്ടല്ല സന്ദീപ് പ്രദീപ് എന്ന ആക്ടര്‍ ഞെട്ടിക്കുന്നത്.

ഫാലിമിയിലും ആലപ്പുഴ ജിംഖാനയിലും പ്രേക്ഷകരെ ചിരിപ്പിച്ച് കയ്യടി നേടിയ അതെ സന്ദീപ് തന്നെയാണ് പടക്കളത്തില്‍ ചിരിപ്പിച്ചും മാസ്സ് കാണിച്ചും അഭിനന്ദനങള്‍ ഏറ്റുവാങ്ങുന്നത്. ബിഗ് സ്‌ക്രീനില്‍ എത്തും മുന്‍പ് തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടനാണ് സന്ദീപ്. ഗൗതമിന്റെ രഥം, വാഴ തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ആനന്ദ് മേനന്‍ സംവിധാനം ചെയ്ത ശാന്തി മുഹൂര്‍ത്തം എന്ന ഷോര്‍ട്ട് ഫിലിമിലും, കല്യാണ കച്ചേരി എന്ന സീരീസിലും സന്ദീപ് തന്റെ ഹ്യൂമര്‍ കൊണ്ടും അഭിനയശൈലി കൊണ്ടും നമ്മളെ ചിരിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് അന്താക്ഷരി, പതിനെട്ടാം പടി എന്നീ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും സന്ദീപിന് വഴിത്തിരിവാകുന്നത് ബേസില്‍ ചിത്രമായ ഫാലിമിയാണ്.

ഒരു മിഡില്‍ ക്ലാസ് ഫാമിലിയുടെ നേര്‍കാഴ്ചയായ സിനിമയില്‍ ബേസിലിനും മഞ്ജു പിള്ളക്കും ജഗദീഷിനുമൊപ്പം സന്ദീപും കട്ടക്ക് നിന്ന് കയ്യടി വാങ്ങി. സന്ദീപിന്റെ അഭി എന്ന കഥാപാത്രം പലര്‍ക്കും റിലേറ്റ് ചെയ്യാന്‍ കഴിയുന്നൊരു റോള്‍ ആയിരുന്നു. തേച്ചു മിനുക്കം വന്ന അഭിനേതാക്കള്‍ ഒപ്പമുള്ളപ്പോഴും സന്ദീപിന് അവിടെ ഒരു മാര്‍ക്ക് ഉണ്ടാക്കാന്‍ സാധിച്ചു. ആരെയും അനുകരിക്കാതെ തന്റേതായ ഒരു സ്‌റ്റൈലില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് സന്ദീപ് എന്നെന്നും ഓര്‍മയില്‍ നില്‍ക്കുന്ന കഥാപാത്രമാക്കി മാറ്റി.

ഖാലിദ് റഹ്‌മാന്‍ ഒരുക്കിയ ആലപ്പുഴ ജിംഖാനയില്‍ ഷിഫാസ് എന്ന ചെറുപ്പകാരനായി ഹ്യൂമറിനൊപ്പം അല്പം മാസ് കാണിച്ചും സന്ദീപ് ശ്രദ്ധ നേടി. രണ്ടാം പകുതിയിലെ ബോക്‌സ് സീനുകളിലും നസ്ലെനും സംഘവുമായുള്ള കോമ്പിനേഷന്‍ സീനുകളില്‍ സന്ദീപിലെ അഭിനേതാവ് വേറിട്ട് നിന്നു. ചിത്രത്തിലെ കഥാപാത്രമാകാന്‍ ശരീരത്തെ വഴക്കിയെടുത്തും ബോക്‌സിങ് പരിശീലനം ചെയ്തും സന്ദീപ് തന്നെ ഒരുക്കിയെടുത്തു. തീര്‍ച്ചയായും സിനിമ ഒടിടിയിലെത്തുമ്പോള്‍ സന്ദീപിന്റെ ഷിഫാസ് കൂടുതല്‍ ചര്‍ച്ചയാകും.

പടക്കളത്തിലേക്ക് എത്തുമ്പോള്‍ ആ സിനിമയുടെ നെടുംതൂണാണ് സന്ദീപ്. ആദ്യ പകുതിയില്‍ കളി ചിരികളും, സൗഹൃദവുമായി ഉല്ലസിക്കുന്ന കഥാപാത്രത്തിന് രണ്ടാം പകുതിയിലെത്തുമ്പോള്‍ സംഭവിക്കുന്ന ഷിഫ്റ്റ് ഒക്കെ അതിഗംഭീരമായിട്ടാണ് സന്ദീപ് സ്‌ക്രീനിലെത്തിച്ചിരിക്കുന്നത്. ഒരു പക്കാ മാസ്സ് ഹീറോയ്ക്ക് വേണ്ട എല്ലാ ക്വാളിറ്റിയും സന്ദീപിലുണ്ടെന്ന് പടക്കളം തെളിയിക്കുന്നു. ചിരിപ്പിക്കുന്നതിനോടൊപ്പം സീരിയസ് റോളുകളും തന്നില്‍ ഭദ്രമാണെന്ന് സന്ദീപ് ഈ സിനിമയിലൂടെ തെളിയിക്കുകയാണ്. തീര്‍ച്ചയായും ഇനി വരും സമയങ്ങളില്‍ മലയാള സിനിമ വേണ്ടവിധത്തില്‍ ഉപയോഗിക്കേണ്ട നടന്‍ തന്നെയാണ് സന്ദീപ്.

Content Highlights: Sandeep Pradeep get good response for his performance

dot image
To advertise here,contact us
dot image