
ആക്ഷൻ സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ ഫ്രാഞ്ചൈസി ആണ് ടോം ക്രൂസ് നായകനായ 'മിഷൻ ഇമ്പോസിബിൾ'. ഏഴ് ചിത്രങ്ങളാണ് ഇതുവരെ ഈ സീരീസിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. ഈ സീരിസിലെ എട്ടാമത്തെ സിനിമയും 'മിഷൻ ഇമ്പോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് വണ്ണി'ന്റെ തുടർച്ചയുമായ 'മിഷൻ ഇമ്പോസിബിൾ ദി ഫൈനൽ റെക്കണിംഗ്' ഇന്നലെ പുറത്തിറങ്ങിയിരുന്നു. ആദ്യദിനം പിന്നിടുമ്പോൾ സിനിമയ്ക്ക് ഇന്ത്യൻ ബോക്സ് ഓഫീസിൽ മികച്ച സ്വീകരണം തന്നെ ലഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.
മിഷൻ ഇമ്പോസിബിൾ ആദ്യദിനത്തിൽ 17.45 കോടി നേടിയെന്നാണ് സാകനിൽക് റിപ്പോർട്ട് ചെയ്യുന്നത്. ഇത് ഈ വർഷം ഒരു ഹോളിവുഡ് ചിത്രം നേടുന്ന ഏറ്റവും വലിയ ആദ്യദിന കളക്ഷനാണ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം റിലീസ് ചെയ്തിരുന്നുവെങ്കിലും ഇന്ത്യൻ സിനിമാപ്രേമികൾ ആദ്യദിനത്തിൽ കൂടുതലായും കണ്ടത് സിനിമയുടെ ഇംഗ്ലീഷ് പതിപ്പ് തന്നെയാണ്. മറ്റൊരു ശ്രദ്ധേയമായ കാര്യം എന്തെന്നാൽ അക്ഷയ് കുമാറിന്റെ കേസരി ചാപ്റ്റർ 2, സണ്ണി ഡിയോളിന്റെ ജാട്ട് എന്നീ സിനിമകളേക്കാൾ ആദ്യദിനത്തിൽ കളക്ഷൻ കൂടുതൽ ലഭിച്ചിരിക്കുന്നത് മിഷൻ ഇമ്പോസിബിളിനാണ്.
സിനിമയ്ക്ക് സമൂഹ മാധ്യമങ്ങളിലും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഗംഭീര തിയേറ്റർ എക്സ്പീരിയൻസ് ആണ് സിനിമ നൽകുന്നതെന്നും പതിവ് പോലെ ആക്ഷൻ സീനുകളിൽ ടോം ക്രൂസ് ഞെട്ടിച്ചെന്നുമാണ് പ്രതികരണം. സിനിമയിലെ അണ്ടർവാട്ടർ സീനുകളും പ്ലെയിൻ ഫൈറ്റ് സീനുമെല്ലാം ശ്വാസമടക്കിപ്പിച്ചു കാണേണ്ട അവസ്ഥയാണെന്നുമാണ് സിനിമ കണ്ട ഒരു പ്രേക്ഷകൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ചിത്രം കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിരുന്നു. രണ്ട് മണിക്കൂർ 49 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം.
'മിഷൻ ഇമ്പോസിബിൾ' സീരിസിലെ അവസാനത്തെ ചിത്രമാകും ഇത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. 1996 ലാണ് ആദ്യത്തെ 'മിഷൻ ഇമ്പോസിബിൾ' ചിത്രം പുറത്തിറങ്ങുന്നത്. സീരിസിലെ ഓരോ സിനിമകളിലെയും സ്റ്റണ്ട് സീനുകൾക്കായി ടോം ക്രൂസ് എടുക്കുന്ന പ്രയത്നങ്ങൾ എപ്പോഴും വാർത്തയിൽ ഇടം പിടിക്കാറുണ്ട്. ഹെയ്‌ലി അറ്റ്‌വെൽ, വിങ് റെംസ്, സൈമൺ പെഗ്, വനേസ കിർബി തുടങ്ങിയവരാണ് പുതിയ മിഷൻ ഇമ്പോസിബിൾ സിനിമയിലെ മറ്റു അഭിനേതാക്കൾ.
Content Highlights: Mission Impossible 8 India box office collection