
2024 ൽ മലയാള സിനിമകൾ തുടർച്ചായി 100 ഉം 50 ഉം കോടിയിൽ ഇടം പിടിച്ചപ്പേൾ ഒരാളെ മാത്രം മോളിവുഡ് മിസ് ചെയ്തു. മലയാളത്തിന്റെ സ്വന്തം മോഹൻലാലിനെ. പരാജയങ്ങളുടെ പടുകുഴിയിൽ നിന്ന് അദ്ദേഹം ഉയർത്തെഴുന്നേൽക്കില്ല, മോഹൻലാൽ യുഗം അവസാനിച്ചു എന്ന് പറഞ്ഞവർക്ക് ചുട്ട മറുപടി കൊടുത്തുകൊണ്ട് 2025 മോഹൻലാൽ തന്റെ വർഷമാക്കി മാറ്റിയെടുത്തിരിക്കുകയാണ്. ബോക്സ് ഓഫീസിൽ റെക്കോർഡുകൾ എല്ലാം തകർത്ത് മുന്നേറുന്ന മോഹൻലാലിന് 2025 ൽ മറ്റൊരു നേട്ടവും കൂടി ഇപ്പോൾ ലഭിച്ചിരിക്കുകയാണ്.
കഴിഞ്ഞ 50 ദിവസം കൊണ്ട് രണ്ട് മോഹൻലാൽ സിനിമകൾ മാത്രം മലയാളം ഇൻഡസ്ട്രിക്ക് സമ്മാനിച്ചത് 476.50 കോടി ഗ്രോസ് കളക്ഷൻ ആണ്. ഈ രണ്ട് സിനിമകളും ഓവർസീസിൽ നിന്ന് നേടിയത് 140 കോടിയാണ്. മാർച്ച് അവസാനവാരം തിയേറ്ററിലെത്തിയ എമ്പുരാൻ സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ഗംഭീര കളക്ഷനാണ് നേടിയത്. ഈ ചിത്രം ആഗോളതലത്തിൽ മലയാളത്തിലെ ടോപ് ഗ്രോസറും ഏറ്റവുമധികം ബിസിനസ് നേടിയ സിനിമയുമായി മാറി. പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ ആദ്യ ദിനത്തിൽ 67 കോടിയിലധികം നേടി. 48 മണിക്കൂർ പിന്നിടും മുന്നേ ആഗോളതലത്തിൽ 100 കോടി ക്ലബിലെത്തിയ സിനിമ അഞ്ച് ദിവസം കൊണ്ടാണ് ആഗോള തലത്തിൽ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്. 30 ദിവസങ്ങൾ കൊണ്ട് 325 കോടിയാണ് എമ്പുരാന്റെ ആഗോള ബിസിനസ് നേട്ടം. 263 കോടിയാണ് എമ്പുരാന്റെ ആഗോള തിയേറ്ററിക്കൽ നേട്ടം.
ഏപ്രിലിൽ തിയേറ്ററിലെത്തിയ തരുൺ മൂർത്തി ചിത്രം തുടരും മികച്ച പ്രതികരണം നേടുന്നതിനോടൊപ്പം എല്ലാവരും ആഗ്രഹിച്ച ആ പഴയ മോഹൻലാലിനെ കൂടി തിരികെത്തന്നു. ആഗോള ബോക്സ് ഓഫീസിൽ നിന്ന് തുടരും 200 കോടി കടന്നിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം സിനിമ ഇതുവരെ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത് 210.75 കോടിയാണ്. ഇതിൽ കേരളത്തിൽ നിന്ന് മാത്രം സിനിമ 103 കോടിയാണ് നേടിയത്. ഇതോടെ കേരളത്തിൽ നിന്ന് ഒരു സിനിമ ആദ്യമായി 100 കോടി കടന്നെന്ന റെക്കോർഡും മോഹൻലാൽ സ്വന്തം പേരിലാക്കി, ഒപ്പം 2018 നെ പിന്നിലാക്കി ഇൻഡസ്ട്രി ഹിറ്റെന്ന ടാഗും.
ഈ വർഷം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 200 കോടി കടന്ന അഞ്ച് സിനിമകളിൽ രണ്ടെണ്ണവും മോഹൻലാലിന്റെ പേരിലാണ്. നിലവിൽ രണ്ടും അഞ്ചും സ്ഥാനങ്ങളിലാണ് മോഹൻലാൽ സിനിമകൾ ഉള്ളത്. വിക്കി കൗശൽ നായകനായി എത്തിയ ഛാവയാണ് കളക്ഷനിൽ ഒന്നാമത് നിൽക്കുന്ന സിനിമ. എമ്പുരാൻ രണ്ടാം സ്ഥാനത്തും തുടരും അഞ്ചാം സ്ഥാനത്തുമാണുള്ളത്. ബുക്ക് മൈ ഷോയിലെ ടിക്കറ്റ് വിൽപ്പനയിലും മോഹൻലാൽ കുതിച്ച് കയറിയിരുന്നു. പതിനേഴ് ദിവസം തുടർച്ചയായി 100 K യിൽ അധികം ടിക്കറ്റുകളാണ് തുടരും ബുക്ക് മൈ ഷോയിലൂടെ വിറ്റഴിച്ചത്. 4.17 മില്യൺ ടിക്കറ്റുകളാണ് തുടരും ഇതുവരെ ബുക്ക് മൈ ഷോയിലൂടെ വിറ്റത്. 4.2 മില്യൺ ടിക്കറ്റ് വിറ്റ് ഒന്നാം സ്ഥാനത്തുള്ള മഞ്ഞുമ്മൽ ബോയ്‌സിനെ തുടരും ഉടൻ മറികടക്കുമെന്നാണ് കണക്കുകൂട്ടൽ.
ഇനി വരാനിരിക്കുന്ന സത്യൻ അന്തിക്കാട് ചിത്രമായ ഹൃദയപൂർവ്വം മികച്ച പ്രതികരണം നേടി മുന്നേറിയാൽ ഹാട്രിക്ക് 100 കോടി ആകും മോഹൻലാലിൻറെ പേരിലേക്ക് വരിക. എക്കാലത്തും മലയാളികൾക്ക് ഓർത്തിരിക്കാവുന്ന സിനിമകൾ സമ്മാനിച്ച ഈ കൂട്ടുകെട്ട് മോഹൻലാലിന് മറ്റൊരു വിജയം സമ്മാനിക്കട്ടെ. എവിടെ മോഹൻലാൽ എന്ന് ചോദിച്ചവർക്ക് ഇവിടെ തന്നെ ഉണ്ട് എന്ന് ഉറക്കെ മറുപടി നൽകികൊണ്ട് മോഹൻലാൽ മലയാള സിനിമയുടെ മുന്നിൽ തലയുയർത്തി നിൽക്കുന്നു.
Content Highlights: Mohanlal two months box office records