റേസിങ്ങിന് മാത്രമല്ല അഭിനയത്തിനും 'ബ്രേക്കില്ല', എകെ 64 ഉടൻ ആരംഭിക്കും; വ്യക്തമാക്കി അജിത്

അടുത്ത സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് അജിത് കുമാർ പറഞ്ഞു

dot image

തമിഴ് സിനിമയിൽ ഏറെ ആരാധകരുള്ള സൂപ്പർതാരമാണ് അജിത് കുമാർ. അഭിനയം പോലെ തന്നെ റേസിങ്ങിലും അജിത് തന്‍റെ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. റേസിങ്ങും സിനിമയും ഒരുപോലെ കൊണ്ടുപോകാനാണ് തന്റെ തീരുമാനം എന്ന് അറിയിച്ചിരിക്കുകയാണ് അജിത് ഇപ്പോൾ.

അഭിനയവും റേസിങ്ങും തന്റെ പാഷനാണ്. അതിനാൽ രണ്ടുകാര്യവും ഒരുപോലെ കൊണ്ടുപോകണമെന്ന് താൻ ആഗ്രഹിക്കുന്നു. ഈ വർഷം നവംബറിൽ തന്റെ പുതിയ സിനിമയുടെ വർക്കുകൾ തുടങ്ങും. അടുത്ത വർഷം മെയ്, ജൂൺ മാസങ്ങളിലായി ഈ ചിത്രം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ഒരു അഭിമുഖത്തിൽ അജിത് വ്യക്തമാക്കി. എന്നാൽ പുതിയ സിനിമയുടെ സംവിധായകനെക്കുറിച്ചോ മറ്റു അണിയറപ്രവർത്തകരെക്കുറിച്ചോ നടൻ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രമാണ് അജിത്തിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. ആഗോളതലത്തിൽ 200 കോടിക്ക് മുകളിൽ നേടിയ സിനിമ ഇപ്പോൾ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യുന്നുണ്ട്. തൃഷയും പ്രിയാവാര്യരുമാണ് ചിത്രത്തിലെ നായികമാര്‍.

പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ ആണ് ഗുഡ് ബാഡ് അഗ്ലിക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Content Highlights: Ajith Kumar says he will begin shooting next movie soon

dot image
To advertise here,contact us
dot image