
പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡീയസ് ഈറേ'. മമ്മുട്ടി ചിത്രമായ ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ-നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം എന്നിവ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഡീയസ് ഈറേയ്ക്കുണ്ട്. പ്രണവ് മോഹൻലാൽ അഭിനയിക്കുന്ന ആദ്യത്തെ ഹൊറർ സിനിമയാണ് ഡീയസ് ഈറേ.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതോടെ 'ഡീയസ് ഈറേ' എന്ന വിചിത്രമായ പേരിന്റെ അർത്ഥം തേടുകയാണ് സിനിമാപ്രേമികൾ. എന്നാൽ ഹൊറർ ചിത്രം എന്നതിനപ്പുറം ഡിയസ് ഈറേയുടെ കഥാപശ്ചാത്തലത്തെക്കുറിച്ച് വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ക്രോധത്തിന്റെ ദിനം എന്ന് അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ചിത്രത്തിന്റെ ടാഗ് ലൈനും ആരാധകർക്കിടയിൽ കൗതുകമാവുകയാണ്.
മരിച്ചവർക്ക് വേണ്ടി പാടുന്ന ലാറ്റിൻ ഗീതമാണ് ഡീയസ് ഈറേ. ഡീയസ് ഈറേ എന്നതിന് ലാറ്റിനിൽ ക്രോധത്തിന്റെ ദിനം എന്നാണ് അർത്ഥം. പതിമൂന്നാം നൂറ്റാണ്ടിലെ പ്രസിദ്ധമായ ലാറ്റിൻ ഗീതത്തിൽ നിന്നാണ് ഡീയസ് ഈറേ ഉണ്ടായതെന്ന് കരുതപ്പെടുന്നു. അന്തിമ വിധി ദൈവം മരിച്ചവർക്കായി വിധിക്കുകയും, അവരെ സ്വർഗത്തിലേക്കോ, നരകത്തിലേക്കോ അയയ്ക്കുകയും ചെയ്യുന്നുവെന്നാണ് ഗീതത്തിന്റെ ഇതിവൃത്തം. ഫ്രാൻസിസ്‌കൻ സന്യാസിയും കവിയുമായിരുന്ന തോമസ് ഓഫ് സെലാനോയാണ് ഡീയസ് ഈറേയുടെ രചയിതാവെന്ന് പറയപ്പെടുന്നു.
ശവസംസ്‌കാര ചടങ്ങുകൾക്കും അനുസ്മരണ ചടങ്ങുകൾക്കും കത്തോലിക്ക റെക്വിയം കുർബാനയിൽ ആലപിക്കുന്ന പ്രധാന ഗീതമാണ് ഡീയസ് ഈറേ. ലോകത്തെ ദഹിപ്പിക്കുകയും, മരിച്ചവർ കുഴിയിൽ നിന്ന് എഴുന്നേറ്റ് വരികയും, ആത്മാക്കൾ ദൈവവിധിക്കായി കാത്തുനിൽക്കുകയും ചെയ്യുന്ന അപ്പോക്കലിപ്റ്റിക് ന്യായവിധിയുടെ ദിവസക്കുറിച്ചാണ് തോമസ് ഇതിലൂടെ ലോകത്തോട് പറയുന്നത്.
2025 ഏപ്രിൽ 29ന് ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുകയാണ്. ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡീയസ് ഈറേ, ചിത്രത്തിന്റെ വ്യത്യസ്മായ പേരും അതിലെ നിഗൂഢതയുമെല്ലാം പ്രേക്ഷകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. ഭ്രമയുഗത്തിന് പിന്നിൽ പ്രവർത്തിച്ച ക്രിയേറ്റീവ് ടീംം തന്നെയാണ് ഈ ചിത്രത്തിന്റെ അണിയറയിലും.
ഷെഹ്നാദ് ജലാൽ ഛായാഗ്രഹണവും ഷാഫിഖ് മുഹമ്മദ് അലി എഡിറ്റിങ്ങും നിർവഹിക്കും. കലാസംവിധാനം ജ്യോതി ശങ്കർ, സംഗീത സംവിധാനം ക്രിസ്‌റ്റോ സേവ്യർ എന്നിവരാണ് കൈകാര്യം ചെയ്യുക.
Content Highlights: What is the meaning of Dies Irae