
കൈതിയിലൂടെ സംവിധായകന്‍ ലോകേഷ് കനകരാജ് തുടക്കം കുറിച്ച് സിനിമാറ്റിക് യൂണിവേഴ്‌സായ എല്‍ സി യുവിലെ അടുത്ത ചിത്രമായ ബെന്‍സിന്റെ ചിത്രീകരണം ആരംഭിച്ചു. തിങ്കളാഴ്ച ചെന്നൈയില്‍ വെച്ച് നടന്ന പൂജയോടെയാണ് ഷൂട്ടിങ് ആരംഭിച്ചത്.
രാഘവ ലോറന്‍സ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. റെമോ, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ഭാഗ്യരാജ് കണ്ണനാണ് ബെന്‍സിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്.
ലോകേഷ് കനകരാജ് ആണ് ബെന്‍സിന്റെ കഥ ഒരുക്കി അവതരിപ്പിക്കുന്നത്. ബെന്‍സ് സിനിമയെ അവതരിപ്പിച്ചുകൊണ്ട് ലോകേഷും ഭാഗമായ ഇന്‍ട്രോ വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു. എല്‍സിയു ആരാധകര്‍ക്ക് വലിയ സര്‍പ്രൈസായിരുന്നു ഇത്.
ബെന്‍സിന്റെ സംഗീത സംവിധാനം സായ് അഭ്യങ്കര്‍ ആണ് നിര്‍വഹിക്കുന്നത്. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി 120 ദിവസത്തിലേറെ നീളുന്ന ചിത്രീകരണമായിരിക്കും സിനിമയ്ക്കായി നടക്കുക.
വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ജോര്‍ജ് നിര്‍വഹിക്കുന്നു. ഫിലോമിന്‍ രാജ് ചിത്രത്തിന്റെ എഡിറ്റിങും ജാക്കി കലാസംവിധാനവും നിര്‍വഹിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ബെന്‍സിലെ ആക്ഷന്‍സ് ഒരുക്കുന്നത് അനല്‍ അരശ് ആണ്. പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് പ്രതീഷ് ശേഖര്‍ ആണ്.
അതേസമയം, ലോകേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ കൂലി ഓഗസ്റ്റ് 14ന് തിയേറ്ററുകളില്‍ എത്തും. രജനികാന്ത് നായകനാകുന്ന ചിത്രം എല്‍സിയുവിന്റെ ഭാഗമല്ലെന്ന് സംവിധായകന്‍ അറിയിച്ചിട്ടുണ്ട്. സൗബിന്‍, നാഗാര്‍ജുന, ഉപേന്ദ്ര എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
കെെതി, വിക്രം, ലിയോ എന്നീ സിനിമകളാണ് എല്‍സിയുവിന്‍റെ ഭാഗമായി ഇതുവരെ പുറത്തുവന്നിട്ടുള്ളത്. വിക്രം 2, കെെതി 2, സ്റ്റാന്‍റ് എലോണ്‍ ചിത്രമായ റോളക്സ് എന്നിവയായിരിക്കും ഇനി എല്‍സിയുവിലുണ്ടാവുക എന്നാണ് ലോകേഷിന്‍റെ വാക്കുകള്‍.
Content Highlights: LCU new movie Benz started shooting