
നടന്‍ രാജ്‌കുമാർ റാവുവിന്റെ ഭാര്യയെന്ന പേരിൽ മാത്രം അറിയപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് നടി പത്രലേഖ. തനിക്ക് സ്വന്തമായി ഒരു പേരും വ്യക്തിത്വവുമുണ്ട്. പലപ്പോഴും ആളുകള്‍ തന്നെ സമീപിക്കുന്നത് രാജ്‌കുമാറിലേക്ക് എത്താൻ വേണ്ടി മാത്രമാണെന്നും പത്രലേഖ പറഞ്ഞു. ഗലാട്ട ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പത്രലേഖ ഇക്കാര്യം പറഞ്ഞത്.
'ഐസി 814: ദി കാണ്ഡഹാര്‍ ഹൈജാക്ക്, വൈല്‍ഡ് വൈല്‍ഡ് പഞ്ചാബ്, സിറ്റി ലൈറ്റ്‌സ് എന്നീ ചിത്രങ്ങളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. എങ്കിലും ഞാന്‍ ഇപ്പോഴും തിരിച്ചറിയപ്പെടുന്നത് രാജ്കുമാര്‍ റാവുവിന്റെ ഭാര്യയായി മാത്രമാണ്. കേവലം രാജ്കുമാര്‍ റാവുവിന്റെ ഭാര്യ എന്ന വിശേഷണം ഞാന്‍ വെറുക്കുന്നു. ഞാന്‍ ചെറുതായിപ്പോവുന്നതായി തോന്നുന്നു. എനിക്കൊരു പേരുണ്ട്, വ്യക്തിത്വമുണ്ട്.
എന്റെ ഭര്‍ത്താവ് പ്രശസ്തനായതിനാല്‍ എന്റെ ജീവിതം എളുപ്പമാണെന്ന് ആളുകള്‍ കരുതുന്നു. എന്നാല്‍, സ്വന്തമായൊരു പാതയും കരിയര്‍ ഗ്രാഫും ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം ഒരിക്കലും എളുപ്പമായിരുന്നില്ല. പലപ്പോഴും ആളുകള്‍ എന്നെ സമീപിക്കുന്നത് രാജിലേക്കെത്താനാണ്. അവര്‍ എന്റെടുത്തേക്ക് സ്‌ക്രിപ്റ്റുമായി വരുന്നത് എന്നെ ആവശ്യമുള്ളതുകൊണ്ടല്ല, അദ്ദേഹത്തെ അഭിനയിപ്പിക്കാനാണ്,' പത്രലേഖ പറഞ്ഞു.
സിറ്റിലൈറ്റ്സ് എന്ന സിനിമയിലൂടെയാണ് പത്രലേഖ സിനിമയിലേക്ക് കടന്നുവരുന്നത്. തുടർന്ന് ലവ് ഗെയിംസ്, ബദ്നാം ഗാലി, ഫുലേ തുടങ്ങിയ സിനിമകളിലും നിരവധി വെബ് സീരീസുകളിലും പത്രലേഖ അഭിനയിച്ചു. 2021 ലാണ് പത്രലേഖ രാജ്‌കുമാർ റാവുവിനെ വിവാഹം ചെയ്യുന്നത്.
Content Highlights: Patralekhaa says she hates being called just Rajkummar Rao's wife