
അന്തരിച്ച ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ കുറിച്ച് ബ്ലെസി സംവിധാനം ചെയ്ത ഡോക്യുമെന്ററിയിലെ പുതിയ എപ്പിസോഡ് പുറത്ത്. മാർത്തോമാ സഭയുടെ മുൻ പരമാധ്യക്ഷനും മലങ്കര സഭയുടെ ആത്മീയാചാര്യനുമായ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മമ്മൂട്ടിയുമായി സംസാരിക്കുന്ന ദീർഘ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.
ഒരു മണിക്കൂറിലേറെ ദൈർഘ്യമുള്ള എപ്പിസോഡാണ് പുറത്തുവന്നിരിക്കുന്നത്. സിനിമയെയും ജീവിതത്തെയും കുറിച്ച് ഇരുവരും ഒട്ടേറെ കാര്യങ്ങൾ സംസാരിക്കുന്നുണ്ട്. മമ്മൂട്ടിയുടെ വീട്ടിൽ വെച്ചാണ് ഈ എപ്പിസോഡ് ചിത്രീകരിച്ചിരിക്കുന്നത്.
2019ൽ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡോക്യുമെന്ററിയ്ക്കുള്ള ഗിന്നസ് ലോക റെക്കോർഡ് '100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം' സ്വന്തമാക്കിയിരുന്നു. 48 മണിക്കൂറും 10 മിനിറ്റുമാണ്
ഈ ഡോക്യുമെന്ററിയുടെ ദൈർഘ്യം. മെയ് ഒന്ന്, 2015 ന് ചിത്രീകരണം ആരംഭിച്ച ഡോക്യുമെന്ററി രണ്ട് വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്.
ഇപ്പോൾ വിഷ്വൽ റൊമാൻസ് എന്ന യുട്യൂബ് ചാനലിലൂടെയാണ് ഡോക്യുമെന്ററി എപ്പിസോഡുകളായി പുറത്തുവരുന്നത്. ഏപ്രിൽ 19ന് പുറത്തുവന്ന ആദ്യ എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള മാർ ക്രിസോസ്റ്റമിന്റെ സംഭാഷണമായിരുന്നു ഉണ്ടായിരുന്നു. തുടർന്നുള്ള എപ്പിസോഡുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരാണ് കടന്നുവരുന്നത്.
ഡോക്യുമെന്ററിയിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി, നടന്മാരായ മോഹൻലാൽ, സുരേഷ് ഗോപി, ഗായകരായ കെജെ യേശുദാസ്, കെഎസ് ചിത്ര, കായിക താരങ്ങളായിരുന്ന പിടി ഉഷ, ഐഎം വിജയൻ, എഴുത്തുകാരൻ എംടി വാസുദേവൻ നായർ തുടങ്ങി നിരവധി പേർ കടന്നുവരുന്നുണ്ട്. ഇവരുമായി വിവിധ വിഷയങ്ങളെ കുറിച്ച് ക്രിസോസ്റ്റം സംസാരിക്കുന്നതാണ് ഡോക്യുമെന്ററിയിലുള്ളത്.
ആളുകളെ ജാതിയുടേയോ മതത്തിന്റേയോ അതിർ വരമ്പുകളില്ലാതെ നോക്കി കാണേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും അതിനാണ് ഇത്തരത്തിലൊരു ഡോക്യുമെന്ററി ഒരുക്കിയതെന്നുമാണ് ബ്ലെസി ഈ ഡോക്യുമെന്ററിയെ കുറിച്ച് ഒരിക്കൽ പറഞ്ഞത്.
Content Highlights: New episode of 100 Years of Chrysostom documentary with Mammootty is out