
മാർവെൽ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമായ 'തണ്ടർബോൾട്ട്സ്' കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തിയിരുന്നു. ജേക് ഷ്രെയ്റെർ സംവിധാനം ചെയ്ത ചിത്രം മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഫേസ് ഫൈവിന്റെ അവസാന സിനിമയാണ്. മികച്ച അഭിപ്രായങ്ങളുമായി മുന്നേറുന്ന സിനിമയുടെ ഒരു പുതിയ അപ്ഡേറ്റ് ആണ് മാർവെൽ ആരാധകരെയും സിനിമാപ്രേമികളെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്.
തണ്ടർബോൾട്ട്സ് എന്ന സിനിമയുടെ പേര് 'ദി ന്യൂ അവഞ്ചേഴ്‌സ്' എന്നാക്കി മാറ്റിയിരിക്കുകയാണ്. സിനിമയിലെ പ്രധാന അഭിനേതാക്കൾ തന്നെയാണ് ചിത്രത്തിന്റെ പുതിയ പേര് ലോഞ്ച് ചെയ്തത്. ഈ സിനിമയിലൂടെ പുതിയ അവഞ്ചേഴ്‌സ് ടീമിനെ അവതരിപ്പിക്കുകയാണ് അണിയറപ്രവർത്തകർ ചെയ്തിട്ടുള്ളത്. ഇനി പുറത്തിറങ്ങാനുള്ള 'അവഞ്ചേഴ്‌സ് ഡൂംസ് ഡേ' ഉൾപ്പെടെയുള്ള വമ്പൻ സിനിമകളിൽ തണ്ടർബോൾട്ട്സിലെ ഈ കഥാപാത്രങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടാകുമെന്നാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. സിനിമ 76 മില്യൺ ഡോളർ ഡൊമസ്റ്റിക് മാർക്കറ്റിൽ നിന്നും നേടിയപ്പോൾ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 162 മില്യൺ ഡോളറും നേടി. 180 മില്യൺ ഡോളറിന്റെ നിർമ്മാണ ബജറ്റ് റിപ്പോർട്ട് ചെയ്ത ഈ ചിത്രം വലിയ വിജയത്തിലേക്ക് കുതിക്കുകയാണെന്നാണ് റിപ്പോർട്ട്.
മാർവെലിൽ നിന്ന് മുൻപ് പുറത്തുവന്ന സിനിമകളിൽ നിന്നേറെ വ്യത്യസ്തമാണ് തണ്ടർബോൾട്ട്സ് എന്നും ചിത്രത്തിന്റെ കഥയും കഥാപാത്ര നിർമിതിയും മികച്ച് നിൽക്കുന്നെന്നുമാണ് അഭിപ്രായങ്ങൾ. സിനിമയിൽ പ്രധാന റോളിലെത്തുന്ന ഫ്ലോറെൻസ് പ്യൂ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചതെന്നും കമന്റുകളുണ്ട്. സിനിമയിലെ പോസ്റ്റ് ക്രെഡിറ്റ് സീനുകൾ മിസ് ആക്കരുതെന്നും പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. ഒരു കൂട്ടം ആന്റിഹീറോകൾ അമേരിക്കൻ ഗവൺമെൻ്റിന് വേണ്ടി ഒരു മിഷനായി പോകുന്നതും ഒടുവിൽ അത് അവരുടെ തന്നെ ജീവന് ഭീഷണിയാകുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
Presenting Marvel Studios' #̶T̶h̶u̶n̶d̶e̶r̶b̶o̶l̶t̶s̶* #TheNewAvengers.
— Marvel Studios* (@MarvelStudios) May 5, 2025
Now playing only in theaters. Get tickets: https://t.co/bFq0RNeRhc pic.twitter.com/ACemttyCx3
ഡേവിഡ് ഹാർബൗർ, ഹാന്ന ജോൺ കാമെൻ, ഫ്ലോറെൻസ് പഗ്, ജൂലിയ ലൂയിസ്, സെബാസ്റ്റ്യൻ സ്റ്റാൻ, വ്യാട്ട് റസൽ, ലൂവിസ് പുൾമാൻ, ഓൾഗ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 'ബ്ലാക്ക് വിഡോ', 'ആൻറ് മാൻ ആൻഡ് ദി വാസ്പ്പ്', 'ദി ഫാൽക്കൺ ആൻഡ് ദി വിന്റർ സോൾജ്യർ' എന്നീ സിനിമകളെയും ചില സീരിസുകളെയും പിൻപറ്റി പുറത്തിറങ്ങുന്ന സിനിമയാകും 'തണ്ടർബോൾട്ട്സ്'. ലൂയിസ് ഡി എസ്പോസിറ്റോ, ബ്രയാൻ ചാപെക്, ജേസൺ ടാമെസ്, കൂടാതെ മുൻ എംസിയു താരം സ്കാർലറ്റ് ജോഹാൻസൺ എന്നിവർ ചേർന്നാണ് 'തണ്ടർബോൾട്ട്സ്' നിർമിക്കുന്നത്. എറിക് പിയേഴ്സൺ, ലീ സങ് ജിൻ, ജോവാന കാലോ എന്നിവരുൾപ്പെടെയുള്ള ടീമാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Content Highlights: Marvel film thunderbolts name changed after release