
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അബിഷൻ ജിവിന്ത് സംവിധാനം ചെയ്യുന്ന കോമഡി എൻ്റർടൈയ്നർ ചിത്രമാണ് 'ടൂറിസ്റ്റ് ഫാമിലി'. 'ആവേശം' എന്ന ചിത്രത്തിൽ ബിബിമോൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മിഥുൻ ജയ് ശങ്കറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും ലഭിക്കുന്നത്. കളക്ഷനിലും സിനിമയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ചിത്രം ആദ്യ ദിനം തമിഴ്നാട്ടിൽ നിന്നും 2 കോടി നേടിയെന്നാണ് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്. രണ്ടാം ദിനമായ ഇന്നലെ ചിത്രം 1.65 കോടി നേടി. മികച്ച അഭിപ്രായങ്ങൾ ലഭിക്കുന്നത് കൊണ്ട് തന്നെ സിനിമയുടെ കളക്ഷൻ വരും ദിവസങ്ങളിൽ ഇനിയും വർധിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. കഴിഞ്ഞ 24 മണിക്കൂറിൽ 64,000 ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ സിനിമ വിറ്റത്. സൂര്യ ചിത്രമായ റെട്രോയ്ക്കൊപ്പം ടൂറിസ്റ്റ് ഫാമിലിയ്ക്ക് പിടിച്ചുനിൽക്കാൻ സാധിക്കുന്നുണ്ടെന്നാണ് കളക്ഷനുകൾ സൂചിപ്പിക്കുന്നത്.
ഗംഭീര മേക്കിങ് ആണ് സിനിമയുടേതെന്നും ഈ വർഷം പുറത്തിറങ്ങിയതിൽ മികച്ച സിനിമയാണ് 'ടൂറിസ്റ്റ് ഫാമിലി' എന്നുമാണ് പ്രതികരണങ്ങൾ. ചിത്രത്തിലെ ഹ്യൂമറും, ഇമോഷൻസും, ഡ്രാമയുമെല്ലാം സംവിധായകൻ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ടെന്നും മികച്ചു നിൽക്കുന്ന പ്രകടനങ്ങളും സിനിമയ്‌ക്കൊരു മുതൽക്കൂട്ടാണെന്നും പ്രതികരണങ്ങൾ ഉണ്ട്. ശശികുമാറിന്റെയും സിമ്രാനറെയും കൂടെ ആവേശത്തിൽ ബിബിമോനെ അവതരിപ്പിച്ച മിഥുന്‍റെ കയ്യടി നേടുന്ന പ്രകടനമാണ് ചിത്രത്തിലേതെന്നുമാണ് സിനിമ കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
#TouristFamily Over 64,000 Tickets Booked In The Last 24 Hours On BookMyShow. For A Working Day, This Is A Massive Achievement For A Small-Budget Film.
— Trendswood (@Trendswoodcom) May 3, 2025
The Movie Has Received A Positive Response, Leading To An Increase In Both Show & Screen Counts. A Huge Collection Is Expected… pic.twitter.com/pOdpZjoVQx
ഗുഡ് നൈറ്റ്, ലവർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ നിർമിച്ച മില്യൺ ഡോളർ സ്റ്റുഡിയോസും ഒപ്പം എംആർപി എൻ്റർടൈയ്ൻമെൻ്റ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്. യോഗി ബാബു, കമലേഷ്, എം. ഭാസ്കർ, രമേഷ് തിലക്, ബക്സ്, ഇളങ്കോ കുമാരവേൽ, ശ്രീജ രവി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നതും അബിഷൻ ജിവിന്ത് ആണ്. ഷോൺ റോൾഡൻ ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. നേരത്തെ ഗുഡ് നൈറ്റ്, ലവർ തുടങ്ങിയ സിനിമകൾക്ക് സംഗീതമൊരുക്കിയതും ഷോൺ റോൾഡൻ ആയിരുന്നു. അരവിന്ദ് വിശ്വനാഥൻ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ഭരത് വിക്രമൻ ആണ്.
Content Highlights: Sasikumar film Tourist home collection report