
മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും മികച്ച പ്രതികരണങ്ങളുമായി തിയേറ്ററിൽ മുന്നേറുകയാണ്. മോഹൻലിന്റെയും പ്രകാശ് വർമയുടെയും പ്രകടനങ്ങൾക്ക് ലഭിക്കുന്ന അതേ കയ്യടി ശോഭനയുടെ കഥാപാത്രത്തിനും തിയേറ്ററിൽ ലഭിക്കുന്നുണ്ട്. സിനിമയുടെ തുടക്കം മുതൽ ശോഭനയെ മനസ്സിൽ കണ്ടിരുന്നുവെന്നും എന്നാൽ ഒരുപാട് പ്രോഗ്രാമുകൾ ഉള്ളത്കൊണ്ട് സിനിമ കമ്മിറ്റ് ചെയ്യുമെന്ന ഉറപ്പ് ഉണ്ടായിരുന്നില്ലെന്നും നിർമാതാവ് രഞ്ജിത് പറഞ്ഞു. ശോഭനയെ ബന്ധപ്പെട്ടപ്പോൾ അംബാനിയുടെ വരെ പ്രോഗ്രാം ഉണ്ടെന്നും നിർമാതാവിന് നഷ്ടം വരുമെന്നും പറഞ്ഞു. പക്ഷെ കഥ കേട്ട ശേഷം ശോഭന കമ്മിറ്റ് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'തുടക്കം മുതലേ നമ്മുക്ക് ശോഭന ആയാലോ എന്ന തരുണും സുനിലും ചോദിക്കാറുണ്ട്. ശോഭനയുടെ കാര്യം എനിക്കറിയാം. അവർക്ക് ഒരുപാട് പ്രോഗ്രാംസും മറ്റ് കാര്യങ്ങളും ഉണ്ട്. മദ്രാസ് വിട്ട് വരാൻ പറ്റാത്ത അവസ്ഥയിലാണ് അവർ വരനെ ആവശ്യമുണ്ട് എന്ന ചിത്രം പോലും കമ്മിറ്റ് ചെയുന്നത്. ഇത് അറിയാവുന്നതുകൊണ്ടും പിന്നെ തീയതി മാനേജ് ചെയ്യാൻ പറ്റുമോ എന്ന പ്രശനങ്ങൾ എല്ലാം ഉണ്ടായിരുന്നു.
വളരെ അടുത്ത ബന്ധം ഉള്ളത്കൊണ്ട് ഞാൻ വരെ വിളിച്ചു, എന്നെ ജീ എന്നാണ് വിളിക്കുന്നത്. ജീ പ്രശ്നമൊന്നും ഇല്ല ഒരുപാട് പ്രോഗ്രാമുകൾ ഈ സമയത്ത് വന്നിട്ടുണ്ടെന്ന് പറഞ്ഞു. മോഹൻലാലിനെ പോലുള്ള ഒരാളെ നിർത്തിയിട്ട് ഞാൻ പ്രോഗ്രാമിന് പോകുന്നത് ശെരിയാകുമോ? ആദ്യം നിർമാതാവ് തീരുമാനിക്കണം നല്ല നഷ്ടം വരും. ഇടയ്ക്കിടെ മദ്രാസിൽ പോയി പ്രോഗ്രാം ചെയ്യേണ്ടി വരും. അംബാനിയുടെ പ്രോഗ്രാം എല്ലാം ഉണ്ട്. ഇതിന്റെ എല്ലാം ഷൂട്ടിലാണെന്ന് പറഞ്ഞു. ഇതെല്ലം ഉള്ളത്കൊണ്ട് ഒന്ന് ആലോചിച്ച് തീരുമാനിക്കാമെന്നാണ് പറഞ്ഞത്. അതിന് മുന്നേ കഥ കേൾക്കാൻ ഞാൻ പറഞ്ഞു.
അങ്ങനെ തരുൺ വീഡിയോ കോളിൽ വിളിച്ച് കഥ പറഞ്ഞു. കഥ കേട്ട് കഴിഞ്ഞപ്പോൾ അവർ എന്നെ വിളിച്ചു. കഥ കൊള്ളാം, നമ്മൾ എന്ത് ചെയ്യുമെന്ന് ചോദിച്ചു, ഒരു കാര്യം ചെയ്യൂ നിങ്ങൾ ആ ഡേറ്റുകൾ അയച്ച് തരൂ, ഞാൻ അതനുസരിച്ച് തരുണിനോട് പറയാം എന്ന് പറഞ്ഞു. അങ്ങനെയാണ് അവർ കമ്മിറ്റ് ചെയ്യുന്നതും വന്ന് അഭിനയിക്കുന്നതും, അത് ഈ സിനിമയുടെ ഏറ്റവും വലിയ ഭാഗ്യമായി മാറി,' രഞ്ജിത് പറഞ്ഞു.
Content Highlights: Producer Ranjith talks about Shobhana's arrival in the film thudarum