
മികച്ച പ്രകടനങ്ങളിലൂടെയും സിനിമകളിലൂടെയും വളരെ പെട്ടെന്നാണ് നസ്‌ലെൻ പ്രേക്ഷഹൃദയങ്ങളിൽ ഇടം നേടിയത്. തണ്ണീർമത്തൻ ദിനങ്ങളിലൂടെ സിനിമയിലെത്തി ഇന്ന് ഐ ആം കാതലൻ വരെ എത്തി നിൽക്കുന്ന നസ്‌ലെന്റെ പേരിൽ ഒരു 100 കോടി ചിത്രമുൾപ്പടെയുണ്ട്. ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലുവിലൂടെ കരിയറിൽ ഗംഭീര വിജയം നേടിയ നസ്‌ലെനെ തേടി ഇനി വരാനിരിക്കുന്നത് മികച്ച സംവിധായകരുടെ വമ്പൻ പ്രോജെക്റ്റുകളാണ്.
'തല്ലുമാല'ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന 'ആലപ്പുഴ ജിംഖാന' ആണ് ഇനി പുറത്തിറങ്ങാനുള്ള നസ്‌ലെൻ ചിത്രം. ഒരു സ്പോർട്സ് കോമഡി ഴോണറിൽ ഒരുങ്ങുന്ന സിനിമ ഏപ്രിലിൽ തിയേറ്ററിലെത്തും. ചിത്രത്തിനായി നസ്‌ലെൻ നടത്തിയ ബോഡി ട്രാൻസ്ഫോർമേഷൻ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഗണപതി, ലുക്മാൻ, അനഘ രവി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഖാലിദ് റഹ്മാൻ തന്നെയാണ് സിനിമയ്ക്കായി തിരക്കഥ എഴുതുന്നത്. രതീഷ് രവിയാണ് സംഭാഷണം. ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി തുടങ്ങിയവരാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രേമലുവിന്റെ രണ്ടാം ഭാഗമായ പ്രേമലു 2 വും അണിയറയിൽ ഒരുങ്ങുന്ന നസ്‌ലെൻ ചിത്രമാണ്. ജൂൺ പകുതിയോടെ പ്രേമലു 2ന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ട് ആരംഭിക്കും. മൂന്ന്-നാല് ഷെഡ്യൂൾ ഉണ്ട്. 2025 അവസാനത്തേക്ക് റിലീസ് ചെയ്യാനാണ് പ്ലാനിട്ടിരിക്കുന്നതെന്ന് സിനിമയുടെ നിർമാതാക്കളിൽ ഒരാളായ ദിലീഷ് പോത്തൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ് തുടങ്ങി ആദ്യ ഭാഗത്തിൽ പ്രധാന വേഷത്തിൽ എത്തിയവർ രണ്ടാം ഭാഗത്തിലും ഉണ്ടാകും. ചിത്രത്തിന്റെ രണ്ടാം ഭാഗം തമിഴ്, തെലുങ്ക് ഭാഷകളിൽ കൂടി ഡബ്ബ് ചെയ്ത് ഒരുമിച്ച് റിലീസ് ചെയ്യാനാണ് പദ്ധതി. ആദ്യ ഭാഗത്തേക്കാൾ വലിയ കാൻവാസിൽ ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകളാണ് ഉള്ളത്.
ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന അടുത്ത സിനിമയിൽ നായകനായി എത്തുന്നത് നസ്‌ലെൻ ആണ്. കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തരംഗം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അരുൺ ഡൊമിനിക് ആണ് സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിമിഷ് രവിയാണ്. ദുൽഖർ സൽമാനും, ടൊവിനോ തോമസും സിനിമയിൽ അതിഥി വേഷങ്ങളിൽ എത്തുമെന്നാണ് സൂചന. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം പൂർത്തിയായി. നടി ശാന്തി ബാലചന്ദ്രൻ സഹരചയിതാവ് ആയ ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസിൽ നായകനാവുന്നതും നസ്‌ലെൻ തന്നെയാണ്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സിനിമയുടെ ആദ്യ വാർഷികത്തിലായിരുന്നു അഭിനവ് തന്റെ രണ്ടാമത്തെ സിനിമ പ്രഖ്യാപിച്ചത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമിക്കുന്നത്.
കുമ്പളങ്ങി നൈറ്റ്സ് എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം മധു സി നാരായണൻ ഒരുക്കുന്ന അടുത്ത സിനിമയിൽ നായകൻ നസ്‌ലെൻ ആണ്. ഡാഡി കൂൾ, സോൾട്ട് ആൻഡ് പെപ്പർ എന്നീ ചിത്രങ്ങളിൽ ആഷിക് അബുവിന്റെ സഹസംവിധായകനായാണ് മധു സി നാരായണൻ സിനിമാ മേഖലയിലേക്ക് കടന്നുവരുന്നത്.
ഗിരീഷ് എഡി സംവിധാനം ചെയ്ത ഐആം കാതലൻ ആണ് അവസാനമായി പുറത്തിറങ്ങിയ നസ്‌ലെൻ ചിത്രം. ചിത്രം സമ്മിശ്ര പ്രതികരണങ്ങളോടെയാണ് തിയേറ്റർ വിട്ടത്. നടൻ സജിൻ ചെറുകയിലാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അനിഷ്മ നായികയായെത്തുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, ലിജോമോൾ, ടി.ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: Upcoming films of actor Naslen