മമ്മൂക്കയുടെ പടത്തെക്കുറിച്ച് അന്വേഷിക്കാതിരിക്കുമോ? ആ സിനിമയിൽ പാട്ടുപാടാൻ നല്ല പണിയെടുത്തു: അർജുൻ അശോകൻ

'ഞാന്‍ പടം കാണാന്‍ തിയേറ്ററില്‍ ചെന്നപ്പോള്‍ ആ പാട്ട് വരാത്തതെന്തേ എന്നോര്‍ത്ത് കാത്ത് നില്‍ക്കുകയായിരുന്നു.'

മമ്മൂക്കയുടെ പടത്തെക്കുറിച്ച് അന്വേഷിക്കാതിരിക്കുമോ? ആ സിനിമയിൽ പാട്ടുപാടാൻ നല്ല പണിയെടുത്തു: അർജുൻ അശോകൻ
dot image

മമ്മൂട്ടിയുടെ മാസ് ആക്ഷൻ എന്റർടെയ്നർ ചിത്രമായിരുന്നു ടർബോ. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് സംഗീതമൊരുക്കിയത് ക്രിസ്റ്റോ സേവ്യറായിരുന്നു. ചിത്രത്തില്‍ നടന്‍ അര്‍ജുന്‍ അശോകന്‍ ഒരു പാട്ടുപാടിയിരുന്നു. അത്ര നല്ല ഗായകൻ അല്ലാത്തതുകൊണ്ട് തന്നെ ടർബോയിലെ ആ ഗാനത്തിനായി കുറച്ചധികം പണിയെടുക്കേണ്ടി വന്നെന്നും സിനിമയെ കുറിച്ച് തനിക്ക് നേരത്തെ അറിവുണ്ടായിരുന്നെന്നും പറയുകയാണ് അർജുൻ അശോകൻ. നടന്റെ ഏറ്റവും പുതിയ ചിത്രമായ ആനന്ദ് ശ്രീബാലയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മൂവി വേൾഡിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

'ഞാന്‍ ടര്‍ബോ കാണാന്‍ തിയേറ്ററില്‍ ചെന്നപ്പോള്‍ ആ പാട്ട് വരാത്തതെന്തേ എന്നോര്‍ത്ത് കാത്ത് നില്‍ക്കുകയായിരുന്നു. എനിക്ക് ക്രിസ്‌റ്റോയെ പരിചയം ഉണ്ടായിരുന്നു. ഞാന്‍ ‘ആഹാ’ സിനിമയില്‍ പാടിയ പാട്ട് അവന്‍ കേട്ടിരുന്നു. എന്റെ വോയിസിന്റെ ഹൈ നോട്ട് അവന് നന്നായി അറിയാം. ആ പാട്ട് പാടാന്‍ കുറച്ച് പണിയെടുക്കേണ്ടി വന്നിരുന്നു. കാരണം അത്ര വലിയ ഗായകനൊന്നും അല്ലല്ലോ ഞാന്‍. സിനിമയില്‍ മമ്മൂക്കയുടെ ടര്‍ബോ ജോസ് എങ്ങനെയുള്ള ആളാണെന്നും ടര്‍ബോ പഞ്ചുണ്ടെന്നുമൊക്കെ എനിക്ക് ആദ്യമേ തന്നെ അറിയാമായിരുന്നു.

മമ്മൂക്കയുടെ പടത്തെ കുറിച്ച് നമ്മള്‍ അന്വേഷിക്കാതിരിക്കുമോ? ഭ്രമയുഗം കഴിഞ്ഞിട്ട് നേരെ ടര്‍ബോയുടെ ലൊക്കേഷനിലേക്കാണ് മമ്മൂക്ക പോയത്. അതുകൊണ്ട് ഭ്രമയുഗത്തിന്റെ സമയത്ത് ടര്‍ബോയുടെ വിശേഷങ്ങളൊക്കെ ഞങ്ങളോട് അദ്ദേഹം പറഞ്ഞിരുന്നു. മമ്മൂക്കയുമായുള്ള സൗഹൃദത്തിന്റെ ലെവലിനെ പറ്റി ചോദിച്ചാല്‍ ഞാന്‍ അദ്ദേഹത്തെ നേരിട്ട് ഫോണില്‍ വിളിക്കാറില്ല. ഇപ്പോഴും ഞാന്‍ ജോര്‍ജേട്ടനെയാണ് വിളിക്കുക,’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.

അതേസമയം, അർജുൻ അശോകൻ നായകനായി തിയേറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രമാണ് ആനന്ദ് ശ്രീബാല. സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ക്രൈം ത്രില്ലർ സ്വഭാവത്തിൽ കേരളത്തിൽ നടന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അർജുൻ അശോകനും അപർണ ദാസും ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവംബർ 15ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlights: arjun ashokan talks about mammootty movie turbo

dot image
To advertise here,contact us
dot image