'300 കോടി കളക്ഷന്‍ പോലുമില്ലാത്ത നടനെ വെച്ച് 1300 കോടി ബജറ്റിൽ സിനിമ!' ഇത്രയും റിസ്ക് എടുക്കണോ എന്ന് ആരാധകർ

ബാഹുബലിക്ക് മുമ്പ് പ്രഭാസിന് 100 കേടി ക്ലബ്ബില്‍ ഒരു സിനിമ പോലുമില്ലെന്നും നായകനെക്കാൾ സംവിധായകന്റെ കഴിവിലാണ് ആരാധകർ വിശ്വസിക്കുന്നതെന്നും അഭിപ്രായങ്ങൾ ഉണ്ട്.

dot image

ഇന്ത്യൻ സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് രാജമൗലി - മഹേഷ് ബാബു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിനായി വമ്പന്‍ തയ്യാറെടുപ്പുകളാണ് രാജമൗലി എടുക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രീ പ്രൊഡക്ഷന്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 'SSMB29' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം 2025 ലാണ് ചിത്രീകരണം ആരംഭിക്കുക.

ഇപ്പോഴിതാ ചിത്രത്തിന്റെ ബജറ്റിനെക്കുറിച്ച് സംസാരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കോ പ്രൊഡ്യൂസറായ തമ്മറെഡ്ഡി ഭരദ്വാജ്. 1000-1300 കോടി ബജറ്റിലാകും ചിത്രം ഒരുങ്ങുകയെന്നും ഹോളിവുഡില്‍ നിന്ന് വലിയൊരു പ്രൊഡക്ഷന്‍ കമ്പനി ചിത്രത്തിന്റെ നിര്‍മാണപങ്കാളിയാകുമെന്നും ഭരദ്വാജ് അറിയിച്ചു. ഡ്രീം മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭരദ്വാജ് ഇക്കാര്യം പറഞ്ഞത്.

‘ചിത്രത്തിന്റെ ലൊക്കേഷന്‍ ഹണ്ട് നടന്നുകൊണ്ടിരിക്കുകയാണ്. ആര്‍ ആര്‍ ആര്‍ കൊണ്ടൊന്നും രാജമൗലി നിര്‍ത്തില്ല. ഈ സിനിമയുടെ ബജറ്റ് പ്രതീക്ഷിക്കുന്നത് 1000-1300 കോടിയാണ്. ഹോളിവുഡിലെ വമ്പന്‍ സ്റ്റുഡിയോകളുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയുടെ നാഴികക്കല്ലായി ഈ ചിത്രം മാറും,’ തമ്മറെഡ്ഡി ഭരദ്വാജ് പറഞ്ഞു.

അതേസമയം, കരിയറില്‍ ഇന്നേവരെ ഒരു സിനിമ പോലും 300 കോടി കളക്ട് ചെയ്യാത്ത മഹേഷ് ബാബുവിനെ വെച്ച് ഇത്രയും വലിയ റിസ്‌ക് രാജമൗലി എടുക്കുന്നതിനെക്കുറിച്ച് കടുത്ത ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. 2020ല്‍ റിലീസ് ചെയ്ത സരിലേരു നീക്കെവ്വരു ആണ് മഹേഷ് ബാബുവിന്റെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രം. 207 കോടിയാണ് ചിത്രം നേടിയത്.

എന്നാൽ ബാഹുബലിക്ക് മുമ്പ് പ്രഭാസിന് 100 കേടി ക്ലബ്ബില്‍ ഒരു സിനിമ പോലുമില്ലെന്നും നായകനെക്കാൾ സംവിധായകന്റെ കഴിവിലാണ് ആരാധകർ വിശ്വസിക്കുന്നതെന്നും അഭിപ്രായങ്ങൾ ഉണ്ട്. 2025 ൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2026 ലായിരിക്കും റിലീസ് ചെയ്യുക. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'SSMB29'ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

Content Highlights: Rajamouli Mahesh Babu film is prepared with a budget of 1300 crores said the co - producer

dot image
To advertise here,contact us
dot image