
റിഷബ് ഷെട്ടി എന്ന കന്നഡ നടനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ ചിത്രമാണ് 'കാന്താര'. സിനിമയുടെ പ്രീക്വലായ കാന്താര 2ന്റെ മൂന്നാം ഷെഡ്യൂളിന് തുടക്കമായിരിക്കുകയാണ്. തുടർച്ചയായി 60 ദിവസം നീണ്ടുനിൽക്കുന്ന വലിയ ഷെഡ്യൂളാണിത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഈ ഷെഡ്യൂളിനായി റിഷബ് കുതിരസവാരിയും കളരിപ്പയറ്റും പരിശീലിച്ചക്കുന്നതായും പറയപ്പെടുന്നു.
ഈ രംഗങ്ങൾക്കായി ഒരു വർഷത്തോളമായി റിഷബ് ഷെട്ടി ആയോധന കലയിൽ പരിശീലനം നേടുന്നതായി പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിൽ കളരിപ്പയറ്റിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് സൂചന. ആക്ഷൻ രംഗങ്ങൾക്ക് പുറമെ ഗാനചിത്രീകരണവും അതുപോലെ സിനിമയിലെ സുപ്രധാനമായ പല രംഗങ്ങളുടെ ചിത്രീകരണവും ഈ ഷെഡ്യൂളിൽ നടക്കുമെന്നും സൂചനകളുണ്ട്.
വമ്പൻ ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്ക് വേണ്ടി കഴിഞ്ഞ ഒരു വർഷമായി, ടീം നിരവധി ലൊക്കേഷനുകളിലും സ്റ്റുഡിയോ സജ്ജീകരണങ്ങളിലും ഷൂട്ടിങ് നടത്തി വരികയാണ്. സിനിമയുടെ 50 ശതമാനത്തോളം രംഗങ്ങളുടെ ചിത്രീകരണവും പൂർത്തിയായതായും റിപ്പോർട്ടുകളുണ്ട്. 150 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം അടുത്ത വർഷം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്.
2022 ലാണ് റിഷബ് ഷെട്ടിയുടെ സംവിധാനത്തിൽ കാന്താര ആദ്യഭാഗം റിലീസ് ചെയ്തത്. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. കന്നഡ ഭാഷയിലെത്തിയ ചിത്രം പിന്നാലെ തന്നെ രാജ്യത്താകമാനം വൻതോതിൽ ശ്രദ്ധിക്കപ്പെട്ടു.
Content Highlights: Rishab Shetty movie Kantara 2 next schedule started