'കാന്താര'യിൽ ഞെട്ടിച്ചു, ഇനി ഹനുമാനാകാൻ റിഷബ് ഷെട്ടി; 'ജയ് ഹനുമാൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

40 കോടി മുതൽമുടക്കിൽ ഒരുങ്ങിയ ആദ്യ ഭാഗമായ 'ഹനുമാൻ' 350 കോടിയോളമാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.

'കാന്താര'യിൽ ഞെട്ടിച്ചു, ഇനി ഹനുമാനാകാൻ റിഷബ് ഷെട്ടി; 'ജയ് ഹനുമാൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ
dot image

തെലുങ്ക് സിനിമയിലെ സിനിമാറ്റിക് യൂണിവേഴ്‌സുകളിൽ ഒന്നാണ് പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ്. സംവിധായകൻ പ്രശാന്ത് വർമ്മ ആരംഭിച്ച ഈ യൂണിവേഴ്സിന്റെ ഭാഗമായി ആദ്യം പുറത്തിറങ്ങിയ ചിത്രമായിരുന്നു 'ഹനുമാൻ'. തേജ സജ്ജ നായകനായി എത്തിയ ചിത്രം വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. സിനിമയുടെ അവസാനം 'ജയ് ഹനുമാൻ' എന്ന രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ സംവിധായകൻ തന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

'കാന്താര' എന്ന സിനിമയിലൂടെ ഇന്ത്യൻ സിനിമാപ്രേമികളെ ഞെട്ടിച്ച റിഷഭ് ഷെട്ടിയാണ് ചിത്രത്തിൽ നായകനായ ഹനുമാനായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ശ്രീരാമന്റെ വിഗ്രഹം കൈയ്യിൽ ചേർത്ത് പിടിച്ചിരിക്കുന്ന റിഷബിനെയാണ് ഫസ്റ്റ് ലുക്കിൽ കാണാൻ സാധിക്കുന്നത്. ആദ്യ ഭാഗത്തെക്കാൾ വലിയ ബഡ്ജറ്റിൽ ആണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. പുഷ്പ, ജനത ഗാരേജ്, രംഗസ്ഥലം തുടങ്ങിയ സിനിമ നിർമിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് 'ജയ് ഹനുമാൻ' നിർമിക്കുന്നത്.

ചിത്രത്തിലെ മറ്റു അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ദേശീയ അവാർഡ് ജേതാവായ റിഷഭ് ഷെട്ടിയോടൊപ്പം ഒന്നിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചുകൊണ്ട് പ്രശാന്ത് വർമ്മ എക്സിൽ കുറിച്ചത്. ചിത്രം ഐമാക്സിലും റിലീസ് ചെയ്യും. 40 കോടി മുതൽമുടക്കിൽ ഒരുങ്ങിയ ആദ്യ ഭാഗമായ ഹനുമാൻ 350 കോടിയോളമാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. തെലുങ്കിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രം കൂടിയാണിത്.

jai hanuman poster

ജയ് ഹനുമാനെ കൂടാതെ മറ്റു ചില സിനിമകളും പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശാന്ത് വർമ്മ തന്നെ സംവിധാനം ചെയ്യുന്ന 'അധീരാ' ആണ് അതിൽ ഒന്ന്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവന്നിരുന്നു. 'മഹാകാളി' എന്ന സിനിമയും ഈ യൂണിവേഴ്സിൽ ഉൾപ്പെടും. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ ചിത്രമാണ് 'മഹാകാളി'. നന്ദമുരി മോക്ഷാഗ്ന്യ ആദ്യമായി നായകനാകുന്ന ചിത്രവും ഈ യൂണിവേഴ്സിലെ ഭാഗമായ ഒരു ചിത്രമാണ്.

Content Highlights: Rishab Shetty starring Jai Hanuman first look out now

dot image
To advertise here,contact us
dot image