
ഓണത്തിന് റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്നായിരുന്നു കൊണ്ടൽ. ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത കൊണ്ടൽ സിനിമയുടെ ഭൂരിഭാഗവും കടലിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ചിത്രത്തിന്റെ പ്രമോ ഗാനം പുറത്തുവിട്ടിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ മേക്കിങ് വീഡിയോയും കൂടിയാണ് ഈ പ്രമോ ഗാനത്തിന്റെ പശ്ചാത്തലത്തിൽ റിലീസ് ചെയ്തിരിക്കുന്നത്.
'മച്ചാ നീ സൂപ്പർ' എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് സൻഫീർ കെ ആണ്. സിയ ഉൾഹഖ്, ഷിബു സുകുമാരൻ, റിയാസ് പട്ടാമ്പി എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. റിയാസ് പട്ടാമ്പി, ഷിബു സുകുമാരൻ എന്നിവർ ചേർന്ന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിൽ, ചിത്രത്തിലെ ബിഹൈൻഡ് ദ സീൻസ് രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആക്ഷനും നൃത്തവും അതിന്റെ ചിത്രീകരണവും ഈ പ്രോമോ ഗാനത്തിന്റെ വീഡിയോയിൽ കാണാൻ സാധിക്കും.
ബോക്‌സോഫിസിൽ മികച്ച പ്രകടനം കാണിക്കുന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളും എത്തുന്നുണ്ട്. ആന്റണി വർഗീസിനൊപ്പം രാജ് ബി ഷെട്ടി, ഷബീർ കല്ലറക്കൽ, രാഹുൽ രാജഗോപാൽ, നന്ദു, ശരത് സഭ, ഗൗതമി നായർ, അഭിരാം, മണികണ്ഠൻ ആചാരി, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംവിധായകൻ അജിത് മാമ്പള്ളിക്കൊപ്പം റോയലിൻ റോബർട്ട്, സതീഷ് തോന്നയ്ക്കൽ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. സാം സി എസ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. കാമറ ദീപക് ഡി മേനോൻ.