കമലിന് മാത്രം 150 കോടി, ശങ്കറിനും വമ്പൻ തുക?; ഇന്ത്യൻ 2 താരങ്ങളുടെ പ്രതിഫലം ചർച്ചയാകുന്നു

കൽക്കി 2898 എഡിയിൽ കമലിന്റെ പ്രതിഫലം 20 കോടിയായിരുന്നു

കമലിന് മാത്രം 150 കോടി, ശങ്കറിനും വമ്പൻ തുക?; ഇന്ത്യൻ 2 താരങ്ങളുടെ പ്രതിഫലം ചർച്ചയാകുന്നു
dot image

സിനിമാ പ്രേമികൾ കാത്തിരുന്ന ഇന്ത്യൻ 2 ഇന്നലെ മുതൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. 28 വർഷങ്ങൾക്കിപ്പുറം ശങ്കറും കമൽഹാസനും വീണ്ടും ഒന്നിച്ച ചിത്രം സമ്മിശ്ര പ്രതികരണം നേടുമ്പോൾ സിനിമയ്ക്കായി ശങ്കറും കമലും ഉൾപ്പടെയുള്ള താരങ്ങൾ കൈപ്പറ്റിയ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ചർച്ചയാകുന്നത്.

ഇന്ത്യൻ തുടർഭാഗത്തിനായി കമൽഹാസൻ 150 കോടി രൂപ പ്രതിഫലം വാങ്ങിയതായാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത് ഇന്ത്യൻ 2, ഇന്ത്യൻ 3 എന്നീ രണ്ട് സിനിമകൾക്കും ചേർത്താണെന്നും റിപ്പോർട്ടുകളുണ്ട്. തന്റെ മുൻസിനിമയായ കൽക്കി 2898 എഡിയിൽ കമലിന്റെ പ്രതിഫലം 20 കോടിയായിരുന്നു.

ഇന്ത്യൻ 2നായി സംവിധായകൻ ശങ്കർ കൈപറ്റിയിരിക്കുന്നത് 50 കോടി രൂപയാണെന്നാണ് സൂചന. മുൻചിത്രമായ 2.0യ്ക്കായി 40 കോടിയായിരുന്നു ശങ്കർ വാങ്ങിയത്. തന്റെ കഥാപാത്രത്തിനായി നടൻ സിദ്ധാർഥ് നാല് കോടിയാണ് വാങ്ങിയിരിക്കുന്നത്. ഇന്ത്യൻ 2ൽ നായകതുല്യമായ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് കോടി രൂപയാണ് നടി രാകുൽ പ്രീത് സിങ്ങിന്റെ പ്രതിഫലം എന്നും റിപ്പോർട്ടുകളുണ്ട്.

1996-ലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത 'ഇന്ത്യൻ' ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയിന്റ് മൂവീസ് എന്നിവർ ചേർന്നു നിർമിച്ചിരിക്കുന്ന ചിത്രത്തിൽ എസ് ജെ സൂര്യ, വിവേക്, സാക്കിര് ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡല്ഹി ഗണേഷ്, സമുദ്രക്കനി, നിഴല്ഗള് രവി, ജോര്ജ് മര്യൻ, വിനോദ് സാഗര്, ബെനഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്, രാകുല് പ്രീത് സിംഗ്, ബ്രഹ്മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഭാഗമായിരിക്കുന്നത്.

സേനാപതിയുടെ രണ്ടാം വരവിനെ പ്രേക്ഷകർ സ്വീകരിച്ചോ?;'ഇന്ത്യൻ' ബോക്സ്ഓഫീസിൽ നിന്ന് ആദ്യദിനം നേടിയത് ഇത്ര

ആദ്യദിനം പിന്നിടുമ്പോൾ സിനിമ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 26 കോടി രൂപയാണ് നേടിയത്. ഇന്ത്യൻ രണ്ടാം ഭാഗത്തിന്റെ തമിഴ് പതിപ്പ് 17 കോടി രൂപയാണ് നേടിയത്. തെലുങ്ക് പതിപ്പ് 7.9 കോടി നേടിയപ്പോൾ 1.1 കോടിയാണ് ഹിന്ദി പതിപ്പിൽ നിന്ന് ലഭിച്ചത്. കമൽഹാസന്റെ മുൻചിത്രമായ വിക്രമിനെ അപേക്ഷിച്ച് കുറവ് തുക മാത്രമാണ് ആദ്യദിനത്തിൽ ഇന്ത്യൻ 2-വിന് നേടാനായത്. 28 കോടി രൂപയാണ് വിക്രം ആദ്യദിനത്തിൽ രാജ്യത്ത് നിന്ന് നേടിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us